മനാമ: ബഹ്റൈനിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ പ്രവാസികൾ ഏറെ മുന്നിൽ. നിലവിലെ സാഹചര്യത്തെ നിസ്സാരമായി കാണാതെ ഒാരോരുത്തരും ജാഗ്രത പാലിക്കണമെന്ന വ്യക്തമായ മുന്നറിയിപ്പാണ് ഇതുനൽകുന്നത്. രാജ്യത്തെ രോഗബാധയുടെ തുടക്കത്തിൽ സ്വദേശികളിലായിരുന്നു രോഗം കൂടുതൽ സ്ഥിരീകരിച്ചത്. എന്നാൽ, കഴിഞ്ഞ ഒരുമാസത്തിലേറെയായി പ്രവാസികൾക്കിടയിൽ രോഗബാധ വർധിക്കുകയാണ്. ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ ഇതുവരെ 3,464 പേരുടെ സമ്പർക്ക ശൃംഖല പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതനുസരിച്ച് 777 ബഹ്റൈനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ബാക്കി 2,687 പേരും പ്രവാസികളാണ്. രോഗം സ്ഥിരീകരിച്ച പ്രവാസികളിൽ മുമ്പന്തിയിലുള്ളത് ഇന്ത്യക്കാരാണ്. ഇതുവരെ 1,462 ഇന്ത്യക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 636 ബംഗ്ലാദേശികൾക്കും 331 നേപ്പാൾ സ്വദേശികൾക്കും 148 പാകിസ്താനികൾക്കും 19 ഫിലിപ്പീനികൾക്കും 11 ശ്രീലങ്കക്കാർക്കും രോഗം കണ്ടെത്തി. വിദേശ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ലേബർ ക്യാമ്പുകളിലാണ് രോഗബാധ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിന് ഇത്തരം ക്യാമ്പുകളിൽനിന്ന് ഇവരിൽ പലരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. എങ്കിലും രോഗബാധ ഉയരുന്നത് പ്രവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
അതേസമയം, രോഗത്തെ പലരും ഗൗരവമായി എടുക്കാത്തതും സ്ഥിതി സങ്കീർണമാക്കുന്നുണ്ട്. പലയിടങ്ങളിലും പ്രവാസികൾ കൂട്ടം ചേരുന്നത് കാണാം. മതിയായ മുൻകരുതലുകൾ സ്വീകരിക്കാതെയാണ് ഇത്. സർക്കാർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും പലരും അത് കാര്യമായെടുക്കുന്നില്ല. സാമൂഹിക അകലം പാലിക്കാതെയും മുൻകരുതലുകൾ സ്വീകരിക്കാതെയും പാർക്കുകളിൽ വ്യായാമത്തിന് എത്തുന്നവരുമുണ്ട്. ചില സ്ഥലങ്ങളിൽ ആളുകൾ കൂട്ടമായാണ് നടക്കാനിറങ്ങുന്നത്. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും എത്തുന്നവർക്കെതിരെ പൊലീസ് ശക്തമായ നടപടി എടുക്കുന്നുണ്ട്. മുൻകരുതൽ നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസവും വ്യക്തമാക്കി. കോവിഡിെൻറ ഭീഷണി കഴിഞ്ഞു എന്ന മട്ടിൽ പെരുമാറുന്ന ആളുകളുണ്ട്. ഇതൊന്നും തന്നെ ബാധിക്കില്ല എന്നാണ് മറ്റുചിലരുടെ ചിന്ത. എന്നാൽ, അടുത്തനാളുകളിൽ രോഗബാധിതരിലുണ്ടാകുന്ന വൻ വർധന എല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. അടുത്ത രോഗി താൻ ആകാതിരിക്കാനുള്ള ജാഗ്രതയാണ് ഒാരോരുത്തരും പുലർത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.