മനാമ: നാട്ടിലേക്കു തിരിച്ചുപോകുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന കേരള സർക്കാറിെൻറ നിർദേശം സൃഷ്ടിച്ച ആഘാതത്തിലാണ് പ്രവാസികൾ. വിദേശങ്ങളിൽ ടെസ്റ്റിന് മതിയായ സൗകര്യമില്ലാതിരിക്കെ ഏർപ്പെടുത്തിയ നിബന്ധന പ്രവാസികളുടെ തിരിച്ചുപോക്ക് അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. എന്നാൽ, ഇവിടെ തന്നെ ടെസ്റ്റ് നടത്തുന്നതിനുള്ള ചില സാധ്യതകളും ഇപ്പോൾ ഉരുത്തിരിയുന്നുണ്ട്. കേരള സർക്കാർ മൂന്നു തരത്തിലുള്ള ടെസ്റ്റുകളാണ് നിർദേശിച്ചത്. ആർ.ടി പി.സി.ആർ, ട്രൂനെറ്റ് കോവിഡ്, ആൻറിബോഡി ടെസ്റ്റ് എന്നിവയിൽ ഒന്ന് നടത്തി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കുന്നവർക്കാണ് നാട്ടിലേക്കു പോകാൻ അനുമതിയുള്ളത്. ആർ.ടി പി.സി.ആർ ടെസ്റ്റാണ് നിലവിൽ ബഹ്റൈനിൽ ചെയ്തുകൊണ്ടിരിക്കുന്നത്. സർക്കാർതലത്തിൽ ലക്ഷണങ്ങളുള്ളവർക്കാണ് പരിശോധന നടത്തുന്നത്. ഏതാനും സ്വകാര്യ ആശുപത്രികളിൽ ലക്ഷണങ്ങളില്ലാത്തവരെ പരിശോധിക്കുന്നതിന് അനുമതിയുണ്ട്. എന്നാൽ, 38 മുതൽ 50 ദീനാർ വരെയാണ് ഇതിന് ഫീസ് നൽകേണ്ടത്. ട്രൂനാറ്റ് ടെസ്റ്റ് നടത്തുന്നത് ഇന്ത്യയിൽ മാത്രമാണ്. വിദേശ രാജ്യങ്ങളിൽ ഇതിന് അനുമതി ലഭിച്ചിട്ടില്ല. പിന്നെ സാധ്യതയുള്ളത് ആൻറിബോഡി ടെസ്റ്റാണ്. ഇന്ത്യ, യു.കെ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ അംഗീകരിച്ചിട്ടുള്ള ഇൗ ടെസ്റ്റാണ് ലഭ്യമായതിൽ ഏറ്റവും ചെലവ് കുറഞ്ഞതും വേഗത്തിൽ റിസൽട്ട് ലഭിക്കുന്നത്. ബഹ്റൈനിൽ ഇൗ ടെസ്റ്റ് നടത്തുന്നതിനുള്ള ശ്രമവുമായി ബഹ്റൈനിലെ പ്രമുഖ ലബോറട്ടറിയായ തൈറോകെയർ ഗൾഫ് ലബോറട്ടറീസ് രംഗത്തെത്തിയിട്ടുണ്ട്.
അനുമതിക്കായി നാഷനൽ ഹെൽത്ത് െറഗുലേറ്ററി അതോറിറ്റിയെ (എൻ.എച്ച്.ആർ.എ) സമീപിച്ചപ്പോൾ ബന്ധപ്പെട്ട സർക്കാറിെൻറ അപേക്ഷ വേണമെന്നാണ് അറിയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാറിെൻറ അപേക്ഷയുണ്ടെങ്കിൽ ഉടൻതന്നെ അനുമതി ലഭിക്കുമെന്നാണ് സൂചന. ആൻറിബോഡി ടെസ്റ്റിൽ ഒരു ദിവസം 400-600 പേർക്കുവരെ പരിശോധന നടത്താൻ കഴിയുമെന്ന് തൈറോകെയർ ഗൾഫ് ലബോറട്ടറിസ് എം.ഡി അക്ഷയ് ജെയിൻ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. മൂന്ന്-നാല് മണിക്കൂറിനകം ഫലം ലഭ്യമാകും. ഏഴ് ദീനാറാണ് ഇതിന് ചെലവു വരുക. ഇതിലും കുറഞ്ഞ നിരക്കിൽ ചെയ്യാനുള്ള സാധ്യതയുമുണ്ട്. ജർമനിയിൽനിന്നാണ് പരിശോധനക്കുള്ള കിറ്റുകൾ എത്തിക്കേണ്ടത്. എൻ.എച്ച്.ആർ.എയുടെ അനുമതി ലഭിച്ചാൽ ഒരാഴ്ചക്കകം കിറ്റുകൾ എത്തിച്ച് ടെസ്റ്റ് തുടങ്ങാനാകും. മറ്റ് രണ്ടു ടെസ്റ്റിലും തൊണ്ടയിലെയും മൂക്കിലെയും സ്രവങ്ങൾ ശേഖരിച്ചാണ് പരിശോധന നടത്തുന്നത്. എന്നാൽ, ആൻറിബോഡി ടെസ്റ്റിൽ രക്ത സാമ്പ്ൾ ശേഖരിച്ചാണ് ടെസ്റ്റ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.