മനാമ: പരീക്ഷ ഭയപ്പെടേണ്ട ഒന്നല്ല എന്ന് എല്ലാവരും പറയും. പക്ഷേ, എഴുതുന്നയാൾക്കറിയാം അതിന്റെ ബുദ്ധിമുട്ട്. മാർക്കുകുറയുമോ എന്ന ഭയം, ടെൻഷൻ, സ്ട്രെസ് എന്നിവയെല്ലാം വിദ്യാർഥികൾ കാലാകാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഉപദേശമല്ല ഇതിനൊരു പരിഹാരമാണ് വിദ്യാർഥികൾക്ക് ആവശ്യം. അതിനുള്ള ഉത്തരമാണ് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ക്രാക്ക് ദ കോഡ്’. ഫെബ്രുവരി 10ന് വൈകീട്ട് നാലുമുതൽ കേരളീയ സമാജം ഹാളിൽ ഈ മേഖലയിലെ വിദഗ്ധർ നിങ്ങളുടെ മനസ്സിന്റെ വാതായനങ്ങൾ തുറക്കും. ഭയത്തിൽ നിന്നും ടെൻഷനിൽനിന്നും ശാശ്വത മോചനത്തിനുള്ള ടെക്നിക്കുകൾ അനാവരണം ചെയ്യും. ഡോ. സണ്ണിയെപ്പോലെ... ഒരു വിദ്യാഭ്യാസ വിചക്ഷണനും സഞ്ചരിക്കാത്ത വഴികളിലൂടെ അവർ നിങ്ങളെ കൊണ്ടുപോകും. നാലുമണിക്കുർ നീളുന്ന ഈ യാത്രയുടെ അവസാനം മണിച്ചിത്രത്താഴിട്ടു പൂട്ടിയ നിങ്ങളുടെ മനസ്സിലെ ഭയം അപ്രത്യക്ഷമായിട്ടുണ്ടാകും. ഇത് വാക്കുകൾ കൊണ്ടു മാത്രമുള്ള ഗ്യാരന്റിയല്ല. വർഷങ്ങളായി ഇന്ത്യയിലും വിദേശത്തുമുള്ള ലക്ഷക്കണക്കിന് വിദ്യാർഥികളെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തിയ വിദ്യാഭ്യാസ വിദഗ്ധർ നൽകുന്ന ഉറപ്പാണ്. ബഹ്റൈനിൽ ഇതാദ്യമായി ആ മൂവർ സംഘം എത്തുകയാണ്. -ആരതി സി. രാജരത്നം, മഹ്റൂഫ് സി.എം, മെന്റലിസ്റ്റ് അനന്തു.
അധ്യാപനത്തിൽ നൂതനത്വം കൊണ്ടുവന്ന ആരതി സി. രാജരത്നം ‘അണ്ടർസ്റ്റാൻഡ് ടു കമ്യൂണിക്കേറ്റ്’, ‘പാരന്റിങ് ഇന്നസെൻസ് ടു ഇന്നർസെൻസ്’ എന്നിവയടക്കം നിരവധി ബെസ്റ്റ് സെല്ലർ ബുക്കുകളുടെ രചയിതാവ് കൂടിയാണ്. കൊഴിഞ്ഞുപോക്ക് കുറക്കാനും വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കാനും ഗ്രാമീണ ഇന്ത്യയിൽ സ്കൂളുകൾ സ്ഥാപിച്ചുകൊണ്ട് വിദ്യാഭ്യാസത്തെ കർമരംഗമാക്കിയ മഹതി. ലക്ഷക്കണക്കിന് കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും പഠനമികവിന്റെ പുതിയ പാഠങ്ങൾ പകർന്നുനൽകിക്കൊണ്ടിരിക്കുന്ന ആരതി സി. രാജരത്നം, നിരവധി രാജ്യങ്ങളിലെ വിദ്യാഭ്യാസ വിദഗ്ധർക്കടക്കം ക്ലാസെടുക്കുന്നു. നേപ്പാളിലും ശ്രീലങ്കയിലും പ്രകൃതി ക്ഷോഭങ്ങൾ ബാധിച്ച കുട്ടികൾക്ക് മാനസികമായ കരുത്ത് പകരാൻ ഈ രാജ്യങ്ങളുടെ ക്ഷണം ലഭിച്ചതനുസരിച്ച് അവിടം സന്ദർശിച്ചിട്ടുണ്ട്.
ഐ.ടി വിദഗ്ധനും ട്രാൻസ്ഫോർമേഷൻ ആർക്കിടെക്ടുമായ മഹ്റൂഫ് സി.എം ഇന്ത്യൻ പൊലീസിനെയടക്കം സഹായിക്കുന്ന പ്രശസ്ത എത്തിക്കൽ ഹാക്കറാണ്. സോഫ്റ്റ്വെയർ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം Bi School എന്ന പേരിൽ സ്റ്റാർട്ടപ് തുടങ്ങിയിരുന്നു.ദുബൈ ആസ്ഥാനമായ സ്റ്റാർട്ടപ്പായ ഐഡിയ ഫാക്ടറിയിലെ നോളജ് സിന്തസൈസർ കൂടിയാണ് അദ്ദേഹം. പൈറസി, സൈബർ കുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ പോരാടുന്നതിന് മലയാള സിനിമാ വ്യവസായം ആശ്രയിക്കുന്ന വിദഗ്ധരിലൊരാൾ. വിക്കി റിസർച് പ്ലാറ്റ്ഫോമിന്റെയും ഐഡിയ ഫാക്ടറി പ്രോയുടെയും ഉപജ്ഞാതാവ്. ആയിരത്തിലധികം പരിശീലന സെഷനുകൾ അദ്ദേഹം നിലവിൽ നടത്തിക്കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ ലോകത്തു തന്നെ ഏറ്റവുമധികം ഫോളോവേഴ്സുള്ള മെന്റലിസ്റ്റായ അനന്തുവിനെ ആർക്കും പരിചയപ്പെടുത്തേണ്ടതില്ല. കൂട്ടുകാർ ക്രിക്കറ്റ് കളിക്കുമ്പോൾ ഷെർലക് ഹോംസും അഗത ക്രിസ്റ്റിയും വായിച്ച് മനസ്സിന്റെ രഹസ്യങ്ങളിലേക്ക് മുതലക്കൂപ്പ് നടത്തിയാണ് അനന്തുവിന്റെ തുടക്കം. ചാനൽ പരിപാടികളിൽ സിനിമാതാരങ്ങളുടെയും അവതാരകരുടെയും മനസ്സു ചികയുന്ന മെന്റലിസ്റ്റ്, മജീഷ്യൻ, ഷാഡോ ആർട്ടിസ്റ്റ് എന്നീ നിലകളിലും പ്രശസ്തൻ. മാജിക്കിന്റെ ഉയര്ന്ന തലമായ മെന്റലിസം എന്ന കലയിലൂടെ നിങ്ങളെ വിസ്മയ ലോകത്തേക്ക് കൊണ്ടുപോകാൻ, അതോടൊപ്പം നിരീക്ഷണപാടവം വളർത്തിയെടുക്കുന്ന ടെക്നിക്കുകൾ കൈമാറാൻ അനന്തു എത്തുന്നു. പഠനവും നിരീക്ഷണവും അൽപം വിനോദവുമായി പരീക്ഷയെ നമുക്ക് കൈവെള്ളയിൽ ഒതുക്കാം. സൗജന്യമായി നടക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന ആയിരം പേർക്കാണ് പ്രവേശനം. രക്ഷിതാക്കൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ലിങ്ക്: www.madhyamam.com/crackthecode
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.