മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബഹ്റൈനിലെ അമേരിക്കൻ അംബാസഡർ സ്റ്റീഫൻ ക്രീഗ് ബോണ്ടിയെ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരുന്നതിൽ ഇരുവരും സന്തുഷ്ടി പ്രകടിപ്പിച്ചു. മേഖലയിലെ സമാധാനവുമായി ബന്ധപ്പെട്ട ആശയങ്ങൾ പങ്കുവെക്കുകയും അതിനായി ശ്രമം ശക്തിപ്പെടുത്തേണ്ട ആവശ്യകതയിലേക്കും കിരീടാവകാശി വിരൽചൂണ്ടി.
മേഖലയിലെയും അന്താരഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും ചർച്ചയായി. ഗസ്സയിലെ പുതിയ സംഭവവികാസങ്ങളും വെടിനിർത്തലിന്റെ അനിവാര്യതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ അശാന്തി വിതക്കുന്ന തരത്തിലുള്ള അക്രമണങ്ങൾ ഇല്ലാതാക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരേണ്ടതുണ്ട്. ഫലസ്തീനികളുടെ അവകാശം വകവെച്ച് കൊടുക്കാനും മാന്യമായ ജീവിതം ഉറപ്പാക്കാനും സാധ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ധന മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.