മനാമ: ഏകാധിപത്യവും വംശീയ മേധാവിത്വവും വർണ മേധാവിത്വവും മൂലധന മേധാവിത്വവും ലോകത്ത് പലയിടത്തും മനുഷ്യനെ വീണ്ടും കീഴ്പ്പെടുത്താൻ തുടങ്ങിയിരിക്കുന്നുവെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ പറഞ്ഞു. ബഹ്റൈൻ പ്രതിഭ 28ാം കേന്ദ്ര സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ സ്വാതന്ത്ര്യസമര പോരാളികൾ അവരുടെ പോരാട്ടത്തിലൂടെ ഉയർത്തിക്കൊണ്ടുവന്ന മാനവിക മൂല്യങ്ങളാണ് ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്തയായി മാറിയത്. ആ അന്തഃസത്തയാണ് ഇന്ത്യയെ നിലനിർത്തുന്നത്. ഇന്ത്യയെ ഇത്രയും കാലം ഐക്യത്തോടെ നിലനിർത്തിയത് ഈ മാനവിക മൂല്യങ്ങളാണ്. മറ്റൊരാൾക്ക് ആഘാതമില്ലാത്തിടത്തോളം കാലം എല്ലാവർക്കും അവരവരുടെ വിശ്വാസ പ്രമാണങ്ങൾ പുലർത്തിപ്പോകാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്നു. അതിൽ എന്തെങ്കിലും ലംഘനമുണ്ടായാൽ പിന്നെ ഇന്ത്യ എന്നതിന് നിലനിൽപില്ല.
ഇന്ത്യ എന്ന ഉപഭൂഖണ്ഡത്തിലെ ജനങ്ങൾക്ക് ഒന്നിച്ച് നിൽക്കാൻ കഴിയും എന്ന് ആദ്യമായി ചരിത്രത്തിൽ തെളിയിക്കപ്പെട്ട ഒരു ഘട്ടമാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനം. അത് എങ്ങനെ സാധ്യമായി എന്ന് പലരും അത്ഭുതപ്പെട്ടിട്ടുണ്ട്. കാരണം, നിരവധി ഭാഷകളും വിശ്വാസങ്ങളും ആരാധനാ രീതികളും വ്യത്യസ്തമായ നരവംശ വിഭാഗങ്ങളുമുള്ള ഒരു രാജ്യമാണ് നമ്മുടേത്. ഒരിക്കൽപോലും അത് യോജിച്ചുനിന്നിട്ടില്ല. മാനവികത, സാമൂഹിക നീതി, ജനാധിപത്യം, മതേതരത്വം, ന്യൂനപക്ഷാവകാശം എന്നിവ ദേശീയ പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്നതാണ്.
പ്രത്യക്ഷത്തിൽ പുരോഗമന വാദികളാകുേമ്പാഴും നമ്മുടെ വീടുകൾ അന്യമത വിദ്വേഷംകൊണ്ട് തിളക്കുകയാണ്. വീടിനെ ഒരു ഇരുണ്ട, യാഥാസ്ഥിതിക ലോകമായി, മധ്യകാലഘട്ടത്തിലെ പ്രാകൃത ലോകമായി നമ്മൾ നിലനിർത്തിയിരിക്കുകയാണ്. എന്നിട്ട് അതിനെക്കുറിച്ച് ഗൃഹാതുരമായി പറഞ്ഞുകൊണ്ടിരിക്കുന്നു. വീടുകളാണ് ലോകത്തിലെ സാമ്രാജ്യത്വത്തെയും അതിെൻറ ഭാഗമായുള്ള നാടുവാഴിത്തത്തെയും മതരാഷ്ട്ര വാദത്തെയും അന്യമത വിദ്വേഷത്തെയും ക്ഷണിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസ്ഥയെ മാറ്റിയെടുക്കാതെ കേരളത്തിന് മുന്നോട്ട് പോകാൻ കഴിയില്ല.
കോവിഡ് കാലത്ത് അതിവേഗം പ്രതിരോധം എന്ന അഭിമാനകരമായ നേട്ടമാണ് ശാസ്ത്രലോകം കൈവരിച്ചത്. ദുരന്തത്തിനൊപ്പം നേട്ടവുമുണ്ടായതാണ് മനുഷ്യ ചരിത്രത്തിെൻറ ഏറ്റവും വലിയ പ്രത്യേകത. കോവിഡ് കാലത്ത് നമ്മുടെ പ്രതിരോധത്തിെൻറ ശക്തി തിരിച്ചറിയാൻ കഴിഞ്ഞു. അതിെൻറ ഏറ്റവും വലിയ ഉദാഹരണമാണ് സാംസ്കാരിക രംഗത്തുണ്ടായ മുന്നേറ്റം. കുറേക്കൂടി ജനകീയമായി ചർച്ചകളും കലാപ്രവർത്തനങ്ങളും സംവാദങ്ങളും നടത്താൻ കഴിഞ്ഞു എന്നതാണ് ഈ കോവിഡ് കാലത്തിെൻറ പ്രത്യേകത. വീട്ടമ്മമാരും സാധാരണക്കാരുമൊക്കെ പുസ്തകങ്ങൾ വായിച്ചതിെൻറ അനുഭവങ്ങൾ ഓൺലൈൻ ചർച്ചകളിൽ പറയാൻ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈൻ പ്രതിഭ പ്രസിഡൻറ് കെ.എം. സതീഷ് അധ്യക്ഷത വഹിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, ഐ.സി.ആർ.എഫ് ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ഇന്ത്യൻ ക്ലബ് പ്രസിഡൻറ് കെ.എം. ചെറിയാൻ, സെക്രട്ടറി സതീഷ് ഗോപിനാഥ്, ബഹ്റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, രക്ഷാധികാരി സമിതി അംഗം സി.വി. നാരായണൻ, വിവിധ സംഘടനാ പ്രതിനിധികളായ ഷാജി മുതലയിൽ (നവകേരള), നജീബ് കടലായി (ജനതാ കൾച്ചറൽ സെൻറർ), മൊയ്തീൻ കുഞ്ഞി (ഐ.എം.സി.സി), എഫ്.എം. ഫൈസൽ (ഒ.എൻ.സി.പി), റഫീഖ് അബ്ദുല്ല, കെ.ടി. സലീം, മനോജ് വടകര, അൻവർ കണ്ണൂർ, കെ.സി. മൻസൂർ, പ്രതിഭ, മറ്റ് രക്ഷാധികാരി സമിതി അംഗങ്ങൾ, എക്സി. കമ്മിറ്റി അംഗങ്ങൾ, മേഖലാ കമ്മിറ്റി അംഗങ്ങൾ, തെരഞ്ഞെടുത്ത പ്രതിനിധികൾ എന്നിവർ പെങ്കടുത്തു. ജനറൽ സെക്രട്ടറി എൻ.വി. ലിവിൻ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളന സ്വാഗതസംഘം ചെയർമാൻ സുബൈർ കണ്ണൂർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.