മനാമ: ബഹ്റൈനിൽ പാസ്പോർട്ടും റസിഡൻസി പെർമിറ്റും ഡിജിറ്റൽവത്കരിക്കുന്ന പദ്ധതി പ്രഖ്യാപിച്ചു. വിദേശികളുടെ വിസ പുതുക്കുമ്പോൾ പാസ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്നരീതി അവസാനിപ്പിച്ചു.
പകരം bahrain.bh എന്ന വെബ്സൈറ്റ് വഴി ലഭിക്കുന്ന ക്യൂ.ആർ കോഡ് പതിച്ച ഡിജിറ്റൽ റസിഡൻസി പെർമിറ്റ് ഉപയോഗിക്കാം. ആഭ്യന്തര മന്ത്രാലയത്തിലെ നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ആൽ ഖലീഫ വാർത്തസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. എൻ.പി.ആർ.എ മുന്നോട്ടുവെച്ച് മന്ത്രിസഭ അംഗീകാരം നൽകിയ 24 പരിഷ്കരണ നടപടികളിൽ ഉൾപ്പെടുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ. ഇതുവരെ ഇതിൽ ഒമ്പത് ഇനങ്ങളാണ് പൂർത്തിയാക്കിയത്. സമയവും മനുഷ്യ അധ്വാനവും ലാഭിക്കാൻ സഹായിക്കുന്നതാണ് പാസ്പോർട്ട്, റസിഡൻസി പെർമിറ്റ് എന്നിവയുടെ ഡിജിറ്റൽവത്കരണം.
സ്റ്റിക്കർ പതിക്കുന്നത് ഒഴിവാക്കുന്നതിലൂടെ കടലാസ് രേഖകളുടെ ഉപയോഗം കുറക്കാനും ലക്ഷ്യമിടുന്നു. പ്രവാസികൾക്ക് 24 മണിക്കൂറും വെബ്സൈറ്റ് വഴി വിസ പുതുക്കാൻ സാധിക്കും. തുടർന്ന് വെബ്സൈറ്റിൽനിന്ന് സി.പി.ആർ നമ്പർ, പാസ്പോർട്ട് നമ്പർ എന്നിവ ഉപയോഗിച്ച് ഡിജിറ്റൽ പെർമിറ്റ് എടുക്കാവുന്നതാണ്. വിദേശത്തുനിന്ന് ബഹ്റൈനിലേക്ക് വരുമ്പോൾ അതത് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഡിജിറ്റൽ റസിഡൻസി പെർമിറ്റ് കാണിച്ചാൽ മതിയാകും. ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ റസിഡൻസി പെർമിറ്റ് സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭ്യമാകും. സ്മാർട്ട്ഫോണിൽ ഡിജിറ്റൽ പെർമിറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും സാധിക്കും. ഡിജിറ്റലാകുന്നതോടെ ബഹ്റൈനിൽനിന്നോ ബഹ്റൈന് പുറത്തുനിന്നോ ഓൺലൈനിൽ റസിഡൻസി പെർമിറ്റ് പുതുക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.