മനാമ: ഡിജിറ്റൽ പരിവർത്തനത്തിൽ ബഹ്റൈൻ അറബ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തെത്തി. ലോകമെമ്പാടുമുള്ള ഡിജിറ്റൽ പരിവർത്തനത്തിലെ പുരോഗതിയുടെ സൂചകമായ 2024 ഗ്ലോബൽ ഡിജിറ്റലൈസേഷൻ ഇൻഡക്സിലാണ് (ജി.ഡി.ഐ) രാജ്യം ഈ നേട്ടം കൈവരിച്ചത്. ആഗോളതലത്തിൽ 41ാം സ്ഥാനത്താണ് ബഹ്റൈൻ. യു.എസ്, സിംഗപ്പൂർ, സ്വീഡൻ, ഫിൻലൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിൽ. ഹുവായ് ടെക്നോളജീസ് പുറത്തുവിട്ട റിപ്പോർട്ടിൽ ബഹ്റൈൻ 44.7 പോയന്റ് നേടി.
യു.എ.ഇയും സൗദിയുമാണ് അറബ് ലോകത്ത് ബഹ്റൈന് മുന്നിലുള്ളത്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ് കമ്പ്യൂട്ടിങ്, സുസ്ഥിര ഊർജം തുടങ്ങിയ മാനദണ്ഡങ്ങളനുസരിച്ചാണ് ഗ്ലോബൽ ഡിജിറ്റലൈസേഷൻ ഇൻഡക്സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 77 രാജ്യങ്ങളിലെ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്നോളജി മേഖലയുടെ വികസനം ജി.ഡി.ഐ വിലയിരുത്തി. ഡിജിറ്റലൈസേഷനിലേക്കുള്ള പുരോഗതിയനുസരിച്ച് രാജ്യങ്ങളെ ഫ്രണ്ട് റണ്ണേഴ്സ്, അഡോപ്റ്റേഴ്സ്, സ്റ്റാർട്ടേഴ്സ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്നോളജി മേഖലയിലെ അവരുടെ നേട്ടവും സാമ്പത്തിക വികസനവും അടിസ്ഥാനമാക്കിയാണിത്. ആഗോള സമ്പദ്വ്യവസ്ഥയുടെ 93 ശതമാനം ഉൾക്കൊള്ളുന്നതാണ് റിപ്പോർട്ട്. ലോക ജനസംഖ്യയുടെ 80 ശതമാനം റിപ്പോർട്ട് ഉൾക്കൊള്ളുന്നു. ലോകമെമ്പാടുമുള്ള ഡിജിറ്റലൈസേഷനിലേക്കുള്ള വ്യാപകമായ പരിവർത്തനത്തെ റിപ്പോർട്ട് പ്രതിഫലിപ്പിക്കുന്നു. ഡിജിറ്റൽ പരിവർത്തനത്തിൽ ബഹ്റൈൻ ശക്തമായ പുരോഗതി കൈവരിക്കുന്നതായി സൂചിപ്പിക്കുന്നതാണ് റിപ്പോർട്ട്.
ഡ്രൈവിങ് ലേണിങ് ലൈസൻസ് എടുക്കലടക്കം ട്രാഫിക്കുമായി ബന്ധപ്പെട്ട ബഹ്റൈനിലെ 15 ട്രാഫിക് സേവനങ്ങൾ അടുത്തിടെ സമ്പൂർണമായി ഡിജിറ്റലൈസ് ചെയ്തിരുന്നു. ഹമദ് രാജാവിന്റെ വികസന നയങ്ങൾക്കനുസൃതമായി, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശപ്രകാരം രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ ദേശീയ പദ്ധതിയുടെ ഭാഗമാണ് ഈ ശ്രമങ്ങൾ.
24 സർക്കാർ സ്ഥാപനങ്ങളിൽ 500 സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ബഹ്റൈനിലെ പൗരന്മാർക്കും താമസക്കാർക്കുമായി 11 പുതിയ സേവനങ്ങൾ ആഭ്യന്തര മന്ത്രാലയം വികസിപ്പിച്ചിരുന്നു. ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്നോളജിക്കുള്ള മന്ത്രിതല സമിതിയുടെ മേൽനോട്ടത്തിലാണ് മാറ്റങ്ങൾ നടപ്പാക്കുന്നത്. സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ, നടപടിക്രമങ്ങൾ ലഘൂകരിക്കുക, പേപ്പർവർക്കുകൾ കുറക്കുക, എല്ലാ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.