മനാമ: കടം വരുത്തിയിട്ടുള്ള പ്രവാസികളെ അത് അടച്ചുതീരുന്നതിനു മുമ്പ് നാടുകടത്തരുതെന്ന് എം.പിമാർ. വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതി ഉപാധ്യക്ഷ ഡോ. മറിയം അൽ ദൈനിന്റെ നേതൃത്വത്തിലാണ് ഇക്കാര്യം ഉറപ്പാക്കുംവിധം നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്. ചൊവ്വാഴ്ച പാർലമെന്റിന്റെ പ്രതിവാര സമ്മേളനത്തിൽ ഈ നിർദേശം ചർച്ച ചെയ്യപ്പെടും. നിലവിൽ, മൂന്ന് മാസത്തേക്കാണ് യാത്ര നിരോധനം ഏർപ്പെടുത്തുന്നത്. അത് പരമാവധി മൂന്ന് തവണ മാത്രമേ പുതുക്കാനാകൂ. ഇക്കാര്യത്തിലാണ് ഭേദഗതി ആവശ്യപ്പെടുന്നത്.
പ്രവാസികളെ നാടുകടത്തണമെങ്കിൽ അവർ നൽകാനുള്ള തുക അടക്കുകയോ കടം വീട്ടാൻ ക്രമീകരണം ഉണ്ടാക്കുകയോ ചെയ്യണം. ഒന്നുകിൽ കടം പൂർണമായി അടച്ചുതീർക്കണം. അല്ലെങ്കിൽ, ആരെങ്കിലും കടം പൂർണമായോ തവണകളായോ തിരിച്ചടക്കാൻ സമ്മതിച്ച് ജാമ്യം നൽകണം. നിലവിൽ ക്രിമിനൽ കേസ് കൈകാര്യം ചെയ്യുമ്പോൾ ഇക്കാര്യം പരിഗണിക്കാറില്ലെന്നും എം.പിമാർ ചൂണ്ടിക്കാണിക്കുന്നു. കുറ്റകൃത്യവും അതിനനുസരിച്ചുള്ള ശിക്ഷയും മാത്രമേ കണക്കിലെടുക്കൂ. പ്രവാസികളുടെ കാര്യത്തിൽ ജയിലോ പിഴയോ നാടുകടത്തലോ ഇവ മൂന്നും കൂടിയോ ആണ് ശിക്ഷ വിധിക്കുന്നത്. എന്നാൽ, നാടുകടത്തൽ വിധിക്കു മുമ്പ് സാമ്പത്തിക കടം കൂടി പരിഗണിക്കണം. നാടുവിട്ട വിദേശികളിൽനിന്ന് പണം ഈടാക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും എം.പിമാർ ചൂണ്ടിക്കാണിക്കുന്നു. മൂന്നു തവണ മാത്രമേ ട്രാവൽ ബാൻ പുതുക്കാവൂ എന്ന ലൂപ് ഹോൾ തട്ടിപ്പുകാർ രക്ഷപ്പെടാൻ കാരണമാകുന്നുവെന്നും എം.പിമാർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.