മനാമ: വിവാഹ സംവിധാനത്തിനകത്ത് നടക്കുന്ന ലൈംഗിക പീഡനങ്ങൾ കുറ്റകരമാക്കുന്ന നിയമം കൊണ്ടുവരണമെന്ന് ബഹ്റൈനിലെ സ്ത്രീകളുടെ അവകാശത്തിനായി പോരാടുന്ന സംഘടന. ഭർത്താക്കന്മാരുടെ മർദനവും ലൈംഗിക പീഡനവും ‘സ്വാഭാവിക’ കാര്യങ്ങളാണെന്ന് ചിന്തിക്കുന്ന സ്ത്രീകളെ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യവുമായി അവ്വൽ വിമൻ സൊസൈറ്റിയാണ് രംഗത്തെത്തിയത്. ലൈംഗിക ബന്ധത്തിന് ഭർത്താക്കന്മാർ നിർബന്ധിക്കുന്നുവെന്ന പരാതിയുമായി നിരവധി സ്ത്രീകൾ സംഘടനയെ സമീപിച്ചതായി അവ്വൽ വിമൻ സൊസൈറ്റിയുടെ സാമൂഹിക ഗവേഷക ഫാത്തിമ റബീഅ പറയുന്നു.
സമൂഹത്തിൽനിന്ന് അപമാനമുണ്ടാകുമെന്ന് ഭയന്ന് മിക്ക സ്ത്രീകളും ഇക്കാര്യം പൊലീസിൽ പരാതിപ്പെടുന്നില്ല. സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരായി പോകുമെന്ന ഭയമാണ് പരാതി നൽകുന്നതിൽനിന്ന് ഇവരെ പിന്തിരിക്കുന്നതെന്നും ഫാത്തിമ റബീഅ കൂട്ടിച്ചേർത്തു.
ഇൗ വിഷയം നോക്കിക്കാണുന്നതിൽ സമൂഹം മാറേണ്ട സമയമായെന്നും ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകിക്കൊണ്ട് മാത്രമേ ഇത് സാധ്യമാകൂ എന്നും അവർ പറഞ്ഞു. ലൈംഗിക പീഡനം നടത്തുന്നത് ഭർത്താവാണെങ്കിൽ കൂടി പരാതിപ്പെടുന്നതിൽ ഒരു അപമാനവുമില്ലെന്ന് സ്ത്രീകളെ ബോധവത്കരിക്കണം. വിവാഹ സവിധാനത്തിനകത്ത് നടക്കുന്ന ലൈംഗിക പീഡനങ്ങൾക്ക് ആറ് മാസം വരെ തടവും 500 ദിനാർ വരെ പിഴയും ശിക്ഷ നൽകുന്ന വകുപ്പ് 2015ൽ പാർലമെൻറും ശൂറ കൗൺസിലും വീറ്റോ ചെയ്തിരുന്നു.
കഴിഞ്ഞ വർഷം 663 ഗാർഹിക പീഡന കേസുകളാണ് ആഭ്യന്തര മന്ത്രാലയം കുടുംബ മാർഗനിർദേശക ഒാഫിസുകൾ, കെയർ ഹോമുകൾ, അഭയകേന്ദ്രങ്ങൾ എന്നിവയിലേക്ക് റഫർ ചെയ്തത്. ബഹ്റൈനിലെ ഗാർഹിക പീഡനത്തിൽ 71 ശതമാനം ഭർത്താക്കന്മാരിൽനിന്നുള്ളതാണെന്ന് 2016ൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.