മനാമ: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപത്തിനുള്ള നടപടികള്‍ പരിഷ്‌കരിക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിലാണ് തീരുമാനമുണ്ടായത്. ഇതിൽ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ‘അല്‍ഹിദായ അല്‍ഖലീഫിയ്യ യൂനിവേഴ്‌സിറ്റി’ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ കരട് വിശദീകരിക്കുകയും ചെയ്തു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നിര്‍ദേശ പ്രകാരമാണ് യൂനിവേഴ്‌സിറ്റി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. 1919 ല്‍ ബഹ്‌റൈനില്‍ വിദ്യാഭ്യാസ പുരോഗതിക്ക് തുടക്കം കുറിച്ച അല്‍ഹിദായ അല്‍ഖലീഫിയ്യ സ്കൂളിെൻറ പേരിൽ യൂനിവേഴ്‌സിറ്റി തുടങ്ങാനാണ് നീക്കം. അന്താരാഷ്ട്ര തലത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന യൂനിവേഴ്‌സിറ്റികളുമായി സഹകരിച്ചും തൊഴില്‍ വിപണിയിലെ ആവശ്യങ്ങള്‍ പരിഗണിച്ചുമാണ് ഇവിടെ കോഴ്‌സുകള്‍ തീരുമാനിക്കുകയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ വിദ്യാഭ്യാസ പുരോഗതിയില്‍ കൗണ്‍സില്‍ സംതൃപ്തി പ്രകടിപ്പിച്ചു. ഭരണാധികാരികളുടെ പ്രത്യേക താല്‍പര്യമാണ് ഇൗ മേഖലയിലെ പുരോഗതിക്ക് കാരണമെന്ന് വിലയിരുത്തി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമലംഘനങ്ങളെക്കുറിച്ചും അവ ഒഴിവാക്കുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. വിദ്യാഭ്യാസ ഗുണനിലവാര സമിതി സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ആവശ്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുകയും ചെയ്യും. പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നത് സ്ഥാപനത്തിെൻറ സൗകര്യങ്ങള്‍ പരിഗണിച്ചായിരിക്കണം. കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷയുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു.
കിങ്ഡം യൂനിവേഴ്‌സിറ്റിക്ക് പുതിയ റെക്ടറെ തെരഞ്ഞെടുത്തതിന് അംഗീകാരം നൽകി. ഇവിടെ നിയമലംഘനം ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും നിലവിലുള്ള കോഴ്‌സുകളില്‍ ആറെണ്ണം തുടരുന്നതിന് അംഗീകാരം നല്‍കാനും തീരുമാനിച്ചു. ആര്‍കിടെക്ചർ എഞ്ചിനീയറിങ്, ഇൻറീരിയര്‍ ഡിസൈനിങ് എന്നീ കോഴ്‌സുകളിലേക്ക് പുതുതായി പ്രവേശനം നല്‍കരുതെന്നും നിര്‍ദേശിച്ചു. ബ്രിട്ടീഷ് ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിന് യോഗം അംഗീകാരം നല്‍കി. യൂറോപ്യന്‍ യൂനിവേഴ്‌സിറ്റിക്ക് എഞ്ചിനീയറിങ് നിബന്ധനകള്‍ പാലിച്ച് കെട്ടിടം പണിയുന്നതിനുള്ള അനുമതി നല്‍കി. അല്‍അഹ്‌ലിയ യൂനിവേഴ്‌സിറ്റി, അപ്ലൈഡ് സയന്‍സ് യൂനിവേഴ്‌സിറ്റി, ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റി കോളജ്, റോയല്‍ യൂനിവേഴ്‌സിറ്റി ഫോര്‍ ഗേള്‍സ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച ചര്‍ച്ചകളും നടന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്താനും നിലവിലുള്ള യൂനിവേഴ്‌സിറ്റികളുമായി വിദേശ യൂനിവേഴ്‌സിറ്റികള്‍ക്ക് സഹകരിക്കുന്നതിനുള്ള അവസരങ്ങള്‍ നല്‍കുന്നതിനും കൗണ്‍സില്‍ അനുമതി നല്‍കി. യോഗത്തില്‍ കൗണ്‍സില്‍ അംഗങ്ങളായ പൊതുമരാമത്ത് -മുനിസിപ്പല്‍- നഗരാസൂത്രണകാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ്, ബഹ്‌റൈന്‍ ഇക്കണോമിക് ഡെവലപ്മെൻറ് ഫോറം ചീഫ് എക്‌സിക്യൂട്ടിവ് ഖാലിദ് അംറ് അല്‍റുമൈഹി, ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ആഇശ മുബാറക് ബൂഉനുഖ്, ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റി ചെയര്‍മാന്‍ ഡോ. റിയാദ് യൂസുഫ് ഹംസ, ഡോ. ഇബ്രാഹിം അല്‍ ഹാഷിമി, റോയല്‍ യൂനിവേഴ്‌സിറ്റി ഫോര്‍ ഗേള്‍സ് ചെയര്‍മാന്‍ ഡോ. മാസിന്‍ ജുമുഅ, ഫരീദ ഖുന്‍ജി, സബാഹ് അല്‍മുഅയ്യദ്, ഡോ. മുന അല്‍ബലൂശി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.