വ്രതശുദ്ധിയുടെയും ആത്മപോഷണത്തിെൻറയും നാളുകൾക്ക് പരിസമാപ്തി. ആനന്ദത്തിെൻറയും ആഹ്ലാദത്തിെൻറയും പെരുമ്പറ മുഴക്കി പടിഞ്ഞാറൻ ചക്രവാളത്തിൽ ശവ്വാലമ്പിളി വീണ്ടും വിരുന്നെത്തി. മാനത്തുദിച്ച ബാലചന്ദ്രൻ ഭൂമിയിലെ പരകോടി മനുഷ്യഹൃദയങ്ങളിലൂടെ സന്തോഷത്തിെൻറ ശോഭയായി ഒഴുകിപ്പരക്കുകയാണിന്ന്.
അത്തറിെൻറ മണവും മൈലാഞ്ചിച്ചോപ്പും പുത്തനുടുപ്പിെൻറ ചേലും വീടകങ്ങളിലേക്ക് വീണ്ടുമെത്തുകയായി. കോവിഡ് നിയന്ത്രണങ്ങൾ ആഘോഷങ്ങളുടെ നിറംകെടുത്തുന്നുണ്ട്. എങ്കിലും, വിശ്വാസി സമൂഹം പരിമിതികൾക്കുള്ളിൽ നിന്ന് തക്ബീർ ധ്വനികളുടെ മനോഹര നാദവീചികളുമായി പെരുന്നാളിനെ സാമോദം വരവേൽക്കുകയാണ്.
പ്രയാസങ്ങൾക്കിടയിലെ വലിയ പ്രതീക്ഷ
കോവിഡ് രണ്ടാംതരംഗം വിതച്ച പ്രതിസന്ധികൾക്കിടയിലേക്കാണ് വീണ്ടുമൊരു ഈദുൽ ഫിത്ർ കടന്നുവരുന്നത്. ജീവിതത്തിൽ നാം നേരിടേണ്ടിവരുന്ന ഏതു പ്രയാസങ്ങൾക്കിടയിലെയും വലിയ പ്രതീക്ഷയാണ് ഓരോ പെരുന്നാളുകളും. 30 ദിവസത്തെ കഠിനമായ പരിശീലനത്തിലൂടെ തപം ചെയ്തെടുത്ത മനസ്സുമായാണ് വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിലേക്ക് നടക്കുന്നത്. ദൈവത്തോടും സഹജീവികളുടെ പ്രയാസങ്ങളോടും ചേർന്നുനിൽക്കാനുള്ള പാഠങ്ങളാണ് ഓരോരുത്തരും റമദാനിലൂടെ ആർജിച്ചെടുത്തത്. ദേഹേച്ഛകളെ വകഞ്ഞുമാറ്റി ദൈവേച്ഛകൾക്കുവേണ്ടി ജീവിതത്തെ മാറ്റിപ്പണിയുകയായിരുന്നു ഓരോ വിശ്വാസിയും. ആത്മത്തെ അപരനുവേണ്ടി മാറ്റി െവച്ച് ആനന്ദത്തിെൻറ പരകോടിയിലേക്ക് നടന്നുകയറുകയായിരുന്നു ഓരോരുത്തരും.
ഇസ്‌ലാമിലെ രണ്ടു ആഘോഷങ്ങളാണ് ചെറിയ പെരുന്നാെളന്ന ഈദുൽ ഫിത്റും ബലിപെരുന്നാൾ എന്ന ഈദുൽ അദ്ഹയും. രണ്ടു പെരുന്നാളുകളും മനംതുറന്ന് ആഘോഷിക്കണം. പെരുന്നാൾ ദിവസം ഒരാളും പട്ടിണിയിലും പ്രയാസത്തിലും ഉണ്ടാവരുതെന്ന് ഇസ്‌ലാമിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് പെരുന്നാൾ നമസ്കാരത്തിന് ഈദ്ഗാഹിലേക്കും പള്ളിയിലേക്കും പോകും മുമ്പ് ഫിത്ർ സകാത്ത് കൊടുക്കണമെന്ന് നിഷ്കർഷിക്കപ്പെട്ടത്. സഹജീവിയുടെ വിശപ്പ് മാറ്റിയവനേ പെരുന്നാൾ ആഘോഷിക്കാൻ അർഹതയുള്ളൂ.
ചേർത്തുപിടിക്കലിെൻറ ആഘോഷം
ഏത് ആഘോഷങ്ങളും പരസ്പരമുള്ള പങ്കുവെക്കലിേൻറതും ചേർത്തുപിടിക്കലിേൻറതുമായിരിക്കണം. മതങ്ങൾ വെള്ളം കയറാത്ത അറകളായി അധഃപതിക്കാൻ പാടില്ല. മതമുള്ളവനും മതമില്ലാത്തവനും ഒരുമിച്ചുനിൽക്കാനും സ്നേഹം പങ്കുവെക്കാനും സാധിക്കണം. മതങ്ങൾ മനുഷ്യരുടെ സൗഖ്യത്തിനും സന്തോഷത്തിനും വേണ്ടിയാണല്ലോ. 'അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്. നിങ്ങളില്‍ ഏറ്റം ദൈവഭക്തിയുള്ളവരാകുന്നു ദൈവത്തിങ്കൽ ഏറ്റം ഔന്നത്യമുള്ളവര്‍. നിശ്ചയം, ദൈവം എല്ലാം അറിയുന്നവനും തികഞ്ഞ ബോധമുള്ളവനുമാകുന്നു' (ഖുർആൻ).
മത സങ്കുചിതത്വങ്ങൾക്കപ്പുറം മാനവികതയുടെ വിശാലതയിലേക്ക് പടർന്നു പന്തലിക്കാൻ ഈദ് നമ്മെ പ്രചോദിപ്പിക്കണം. ലോകത്തെങ്ങും സാഹോദര്യത്തിെൻറയും സ്നേഹത്തിെൻറയും പുതുഗീതങ്ങൾ ഉച്ചത്തിൽ മുഴങ്ങട്ടെ. വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും മനുഷ്യപിശാചുക്കളെ സ്നേഹശീലുകളാൽ തുരത്താൻ നമ്മൾ സന്നദ്ധരാവണം.
പരീക്ഷണ നാളുകളിലെ പെരുന്നാൾ
മനുഷ്യർ കഠിനാധ്വാനം ചെയ്ത് നേടിയ എല്ലാ നേട്ടങ്ങളും കുഞ്ഞൻ വൈറസിെൻറ മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്ന കാഴ്ചകളാണ് ഒന്നരവർഷമായി ലോകത്തെല്ലായിടത്തും. മനുഷ്യെൻറ പൊങ്ങച്ചവും അഹങ്കാരവും അഹന്തയും ഇല്ലായ്മ ചെയ്യാൻ ഈ പരീക്ഷണങ്ങൾ കാരണമാവണം. ഈ ചിന്തകൾ ചിത്തത്തിൽ തെളിയുമ്പോഴാണ് പെരുന്നാൾ അർഥവത്താവുന്നത്.
ആശുപത്രിക്കിടക്കയിലും വെൻറിലേറ്ററിലും ഒരിറ്റു ജീവവായുവിന് ലക്ഷപ്രഭുക്കളും കോടീശ്വരന്മാരും യാചിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും സന്ദിഗ്ധമായ ഇത്തരം ഘട്ടത്തിൽ ഐ.സി.യുവിലെ മരണത്തിെൻറ മണമുള്ള തണുപ്പ് മാത്രമാണിന്ന് ധനികനും ദരിദ്രനും കൂട്ട്. ശേഷം മരണത്തിനു കീഴടങ്ങിയാൽ ഉറ്റവർക്കും ഉടയവർക്കും അവസാനമായി ഒരുനോക്ക് കാണാനോ അന്ത്യചുംബനമർപ്പിക്കാനോ സാധിക്കാത്ത നിസ്സഹായതയുടെ ഭീകരാവസ്ഥ. 'അല്ലാഹു അക്ബർ, അല്ലാഹു അക്ബർ...' പെരുന്നാൾ വരവറിയിച്ചുകൊണ്ട് അന്തരീക്ഷത്തിൽ മുഴങ്ങുന്ന തക്ബീർ ധ്വനികൾ മനുഷ്യരുടെ നിസ്സാരതയെ ബോധ്യപ്പെടുത്തുന്നതുകൂടിയാണ്. ദൈവമാണ് വലിയവൻ എന്ന് പ്രഖ്യാപിക്കപ്പെടുമ്പോൾ നമ്മൾ എത്രയോ ചെറിയവരും നിസ്സാരരുമാണെന്ന് കൂടിയാണ് അറിയേണ്ടത്.
മർദിതരോടുള്ള െഎക്യപ്പെടൽ
ലോകത്തെങ്ങുമുള്ള മർദിത ജനവിഭാഗങ്ങളോടുള്ള ഐക്യപ്പെടലും കൂടിയാണ് പെരുന്നാൾ. പിറന്ന നാട്ടിൽ അന്യരായി ജീവിക്കേണ്ടിവരുന്ന സമൂഹത്തിെൻറ പ്രതീകമാണ് ഫലസ്തീനികൾ. നാടും വീടുമുണ്ടായിട്ടും അവരിൽ പലരുമിന്ന് ലോകത്തിെൻറ വിവിധയിടങ്ങളിൽ അഭയാർഥികളാണ്. അധർമത്തിനെതിരെയും അക്രമത്തിനെതിരെയും പ്രതികരിക്കാൻ പെരുന്നാൾ വിശ്വാസിയെ പ്രചോദിപ്പിക്കേണ്ടതുണ്ട്. അതവെൻറ വിശ്വാസപരമായ ബാധ്യത കൂടിയാണ്. ലോകത്ത് അനീതിയും അക്രമവും പെരുകുമ്പോൾ മൗനമവലംബിക്കുന്നത് നമുക്ക് ഒരിക്കലും ഭൂഷണമല്ല. ആഭ്യന്തരയുദ്ധങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവരും അഭയാർഥികളാക്കപ്പെട്ടവരും കൂടിയുള്ള ലോകത്താണ് നമ്മൾ പെരുന്നാൾ ആഘോഷിക്കുന്നത്.
നാട്ടിൽ ആളുകൾ കടുത്ത ലോക്ഡൗണിലാണ് പെരുന്നാൾ ആഘോഷിക്കുന്നത്. പല വീടകങ്ങളിലെയും പെരുന്നാളുകൾക്ക് അത്തറിെൻറ മണമോ മൈലാഞ്ചിച്ചോപ്പിെൻറ നിറമോ പുത്തനുടുപ്പിെൻറ ചേലോ ഇല്ല. പലരുടെയും വരുമാനം നിലച്ചിട്ട് ദിവസങ്ങളും മാസങ്ങളുമായി. പല വീടുകളിലും കോവിഡ് രോഗികളുണ്ട്. ചിലർ ആശുപത്രിയിലും മറ്റു ചിലർ ഐ.സി.യുവിലുമാണ്. പലരുടെയും ഉറ്റവരും ഉടയവരും കോവിഡിെൻറ മുന്നിൽ കീഴടങ്ങി ആറടി മണ്ണിലേക്ക് തിരിച്ചുപോയി. ഇവരൊക്കെയും നമ്മുടെ ആഘോഷങ്ങളിൽ ഓർമകളാവട്ടെ. പ്രാർഥനകളിൽ അവരുമുണ്ടാവട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.