മനാമ: കോവിഡ് കാരണം വിമാന സർവിസ് റദ്ദാക്കിയതിനാൽ യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം. ഡി.ജി.സി.എ പുറത്തിറക്കിയ ഉത്തരവ് വിദേശത്തെ ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ് എടുത്തവർക്ക് ബാധകമാകുന്നില്ല എന്നതാണ് പ്രശ്നം. ഉത്തരവ് വന്നതിനുശേഷം റീഫണ്ട് നൽകുന്നത് എയർ ഇന്ത്യ എക്സ്പ്രസ് നിർത്തുകയും ചെയ്തതായി ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
ലോക്ഡൗൺ കാലത്ത് വിമാസ സർവിസ് റദ്ദായതിനാൽ യാത്ര മുടങ്ങിയവർക്ക് കാൻസലേഷൻ ചാർജ് ഇൗടാക്കാതെ റീഫണ്ട് നൽകണമെന്നാണ് പ്രവാസി ലീഗൽ സെൽ നൽകിയ ഹരജിയിൽ സുപ്രീംകോടതിയും തുടർന്ന് ഡി.ജി.സി.എയും ഉത്തരവിറക്കിയത്. എന്നാൽ, ഇത് ഇന്ത്യയിൽനിന്നെടുത്ത ടിക്കറ്റുകൾക്കും ഒാൺലൈൻ വഴി എടുത്ത ടിക്കറ്റിനുമാണ് ബാധകം എന്നാണറിയുന്നത്.
അതിനാൽ, ബഹ്റൈനിലെ ട്രാവൽ ഏജൻസികളിൽനിന്ന് ടിക്കറ്റ് എടുത്തവർ റീഫണ്ട് ലഭിക്കാതെ പ്രയാസപ്പെടുകയാണ്. ദിവസവും നിരവധി പേരാണ് റീഫണ്ടുമായി ബന്ധപ്പെട്ട് ട്രാവൽ ഏജൻസികളിൽ വിളിക്കുന്നത്. എന്നാൽ, അവർക്കും കൃത്യമായ ഉത്തരം നൽകാൻ കഴിയുന്നില്ല.
കഴിഞ്ഞ വർഷം നവംബറിലാണ് എയർ ഇന്ത്യ എക്സ്പ്രസ് 2020ലേക്കുള്ള സമ്മർ ഷെഡ്യൂൾ പുറത്തിറക്കിയത്. അവധിക്ക് നാട്ടിൽ പോകാൻ നിരവധി പേർ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. ചെറിയ തുകക്ക് ടിക്കറ്റ് ബുക്ക് ചെയ്തവരുണ്ട്. കഴിഞ്ഞ ജൂലൈ വരെയുള്ള ടിക്കറ്റുകൾ ഇങ്ങനെ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. എന്നാൽ, കോവിഡും ലോക്ഡൗണും വന്നതോടെ ഇവരുടെെയല്ലാം യാത്ര മുടങ്ങി. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിൽ പുതിയ ടിക്കറ്റെടുത്താണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്. ജോലി നഷ്ടപ്പെട്ടവരും വിസ റദ്ദാക്കി പോയവരും സന്ദർശക വിസയിൽ എത്തിയവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ബഹ്റൈനിലേക്ക് തിരിച്ചുവരാൻ സാധ്യതയില്ലാത്ത നിരവധി പേർ ഇവരിലുണ്ട്. ഇവരിൽ ഭൂരിഭാഗത്തിനും ടിക്കറ്റ് തുക തിരികെ ലഭിച്ചിട്ടില്ല.
റീഫണ്ട് ലഭിച്ചവർക്ക് കാൻസലേഷൻ ചാർജ് ഇൗടാക്കിയ ശേഷമുള്ള തുകയാണ് കിട്ടിയത്. ഒരു ഭാഗത്തേക്കുള്ള ടിക്കറ്റിന് 16 ദീനാറാണ് കാൻസലേഷൻ ചാർജ് ഇൗടാക്കുന്നത്. തങ്ങളുടേതല്ലാത്ത കാരണത്താൽ യാത്ര മുടങ്ങിയതിന് കാൻസലേഷൻ ചാർജ് ഇൗടാക്കുന്നത് അനീതിയാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ഡി.ജി.സി.എയുടെ ഉത്തരവ് ഇറങ്ങുന്നതിന് മുമ്പ് കുറെ പേർക്ക് മുഴുവൻ തുകയും എയർ ഇന്ത്യ എക്സ്പ്രസ് റീഫണ്ട് നൽകിയിരുന്നതായി ട്രാവൽ ഏജൻസി പ്രതിനിധി പറഞ്ഞു. എന്നാൽ, ഉത്തരവിറങ്ങിയതിനുശേഷം റീഫണ്ട് ലഭിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് പോകാൻ എടുത്ത് റദ്ദായ ടിക്കറ്റിെൻറ തുക വന്ദേ ഭാരത് വിമാനങ്ങളിൽ പോയി തിരികെ വരുന്ന യാത്രക്ക് ഉപയോഗിക്കാൻ മുമ്പ് അനുവദിച്ചിരുന്നു. ഇപ്പോൾ അതും അനുവദിക്കുന്നില്ല.റീഫണ്ട് ഉൾപ്പെടെ കാര്യങ്ങൾക്ക് മനാമയിലെ എയർ ഇന്ത്യ ഒാഫിസിൽ പോയാൽ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും യാത്രക്കാരും ട്രാവൽ ഏജൻസി പ്രതിനിധികളും പറയുന്നു. ഇപ്പോൾ ഒരു സ്റ്റാഫ് മാത്രമാണ് ഒാഫിസിൽ ഉള്ളതത്രേ. അതിനാലാണ് ഇൗ പ്രതിസന്ധിയെന്നും പറയുന്നു. പ്രശ്നങ്ങൾ ധരിപ്പിക്കാൻ എയർ ഇന്ത്യ കൺട്രി മാനേജറെ കാണാൻ ശ്രമിച്ചെങ്കിലും അപ്പോയിൻറ്മെൻറ് ലഭിക്കുന്നില്ലെന്നും ട്രാവൽ ഏജൻസി പ്രതിനിധികൾ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.