പ്രവാസി വോട്ട്​ ശിപാർശ: ആവേശത്തോടെ പ്രവാസികൾ

മനാമ: പ്രവാസികൾക്ക്​ വോട്ട്​ ചെയ്യാൻ അവസരമൊരുങ്ങുന്നത് സംബന്ധിച്ച വാർത്തകൾ ആവേശത്തോടെയാണ്​ പ്രവാസികൾ ഏറ്റെടുത്തത്​. കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷ​െൻറ ശിപാർശ അംഗീകരിച്ചാൽ വർഷങ്ങളുടെ കാത്തിരിപ്പാണ്​ സഫലമാകുന്നത്​. തങ്ങളും അംഗീകരിക്കപ്പെടുന്നുവെന്ന ആശ്വാസമാണ്​ പ്രവാസികൾക്ക്​ ഇതുവഴി ലഭിക്കുന്നത്​. പ്രവാസികൾക്ക്​ പ്രോക്​സി വോട്ടിന്​ പകരം ഇലക്​ട്രോണിക്​ തപാൽ വോട്ട്​ നടപ്പാക്കാനുള്ള ശിപാർശയാണ്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ നിയമ മന്ത്രാലയത്തിന്​ മുന്നിൽ സമർപ്പിച്ചത്​. കേരളം, തമിഴ്​നാട്​, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്​ഥാനങ്ങളിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ പ്രവാസികൾക്ക്​ ഇലക്​ട്രോണിക്​ തപാൽ വോട്ട്​ ഏർപ്പെടുത്താൻ ഒരുക്കമാണെന്നും തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചിട്ടുണ്ട്​.

അന്തിമ തീരുമാനം എടുക്കേണ്ടത്​ കേന്ദ്രമാണെങ്കിലും അനുകൂല നിലപാട്​ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്​ പ്രവാസികൾ. തെരഞ്ഞെടുപ്പ്​ കാലത്ത്​ നാട്ടിൽ പോയി വോട്ട്​ ചെയ്യുന്നതിന്​ പ്രയാസം ഏറെയാണ്​. പലപ്പോഴും സംഘടനകൾ പ്രത്യേക വിമാനം ഏർപ്പെടുത്തിയാണ്​ പ്രവാസികളെ നാട്ടിലെത്തിക്കുന്നത്​. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ്​ എത്തിയപ്പോൾ കോവിഡ്​ വില്ലനായി. അതിനാൽ, വോട്ടുവിമാനങ്ങൾ പറന്നില്ല. ഇൗ സാഹചര്യത്തിലാണ്​ ഇലക്​ട്രോണിക്​ തപാൽ വോട്ടിനെ പ്രവാസികൾ പ്രതീക്ഷയോടെ കാണുന്നത്​. പ്രവാസികൾക്ക്​ വോട്ട്​ ചെയ്യാൻ അവസരം ലഭിക്കുന്നതോടെ​ നാട്ടിലെ രാഷ്​ട്രീയ പാർട്ടികളും നേതാക്കളും തങ്ങളുടെ ആവശ്യങ്ങൾക്ക്​ പരിഗണന നൽകാൻ തയാറാകുമെന്ന്​ പ്രവാസികൾ വിശ്വസിക്കുന്നു. കോവിഡ്​ കാലത്ത്​ എല്ലാവരും തങ്ങളെ കൈവിട്ടുവെന്ന്​ പരാതിയുള്ള സാഹചര്യത്തിൽ പ്രത്യേകിച്ചും.

കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷ​െൻറ ശിപാർശയോട്​ പ്രവാസികൾ പ്രതികരിക്കുന്നു

 
എംബസിയുടെ മേൽനോട്ടം വേണം


കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷ​െൻറ ശിപാർശ സ്വാഗതാർഹമാണ്​. എത്രയും പെ​െട്ടന്ന്​ ഇത്​ പ്രാബല്യത്തിൽ വരുത്താൻ കഴിയണം. പ്രവാസികൾക്ക്​ വോട്ട്​ ചെയ്യാൻ അവസരം ലഭിക്കുന്നതിന്​ മുസ്​ലിം ലീഗ്​ നിരന്തരം ഇടപെട്ടിരുന്നു. പ്രവാസികളുടെ ഏറെക്കാലമായുള്ള ആവശ്യം തെരഞ്ഞെടുപ്പ്​ കമീഷൻ അംഗീകരിച്ചതിൽ സന്തോഷമുണ്ട്​. അതേസമയം, ദുരുപയോഗം തടയുന്നതിനുള്ള മുൻകരുതലും സ്വീകരിക്കണം. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ നടപ്പാക്കാനായാൽ കൂടുതൽ സുതാര്യവും സുരക്ഷിതവുമാകും. മതിയായ പഠനം നടത്തി എത്രയും വേഗം ശിപാർശ നടപ്പാക്കാൻ കഴിഞ്ഞാൽ പ്രവാസികൾക്ക്​ ഉപകാരമാകും.

 




ആഗ്രഹ സാഫല്യം

പ്രവാസികൾക്ക്​ ഇലക്​ട്രോണിക്​ തപാൽ വോട്ടിനുള്ള ശിപാർശ സ്വാഗതാർഹമാണ്​. എന്നാൽ, ഇലക്​ട്രോണിക്​ വോട്ടിങ്​ യന്ത്രത്തെക്കുറിച്ചുള്ള ആരോപണങ്ങൾ നമ്മുടെ മുന്നിലുണ്ട്​. ഇലക്​ട്രോണിക്​ തപാൽ ​വോട്ടും ദുരുപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്​. ഇതി​െൻറ സുതാര്യതയും സുരക്ഷിതത്വവും ജനങ്ങളെ ബോധ്യപ്പെടുത്തി വേണം ശിപാർശ നടപ്പാക്കാൻ. സമ്മതിദാനാവകാശം മൗലികാവകാശവുമാണ്​. അതീവ രഹസ്യ സ്വഭാവവും അതിനുണ്ട്​.

ഇലക്​ട്രോണിക്​ തപാൽ വോട്ടിൽ ഇത്​ ഹനിക്കപ്പെടാൻ സാധ്യതയുണ്ടോയെന്ന്​ പരിശോധിക്കണം. പ്രവാസികൾക്ക്​ പ്രോക്​സി വോട്ട്​ അനുവദിക്കുന്നതിനോടാണ്​ കൂടുതൽ യോജിപ്പ്​. ഏത്​ രീതിയിലാണെങ്കിലും വോട്ട്​ ചെയ്യാൻ അവസരം കിട്ടുന്നത്​ പ്രവാസികൾക്ക്​ ആഗ്രഹ സാഫല്യമാണ്​.

 


കാത്തിരിപ്പി​െൻറ സാഫല്യം

കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷ​െൻറ ശിപാർശ സ്വാഗതാർഹമാണ്​. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ​വോട്ട്​ ചെയ്യാൻ അവസരം ലഭിക്കുന്നത്​ പ്രവാസിയുടെ ദീർഘകാലമായുള്ള കാത്തിരിപ്പി​െൻറ സാഫല്യമാണ്​. നേരത്തേ തീരുമാനിച്ചിരുന്നത്​ പ്രോക്​സി വോട്ടാണ്​. അതു മാറ്റിയത്​ ആശ്വാസകരമാണ്​. അതേസമയം, ഇൗ സംവിധാനം ദുരുപയോഗിക്കാൻ സാധ്യത ഏറെയാണ്​. വോട്ടുയന്ത്രത്തെക്കുറിച്ച്​ നിരവധി ആരോപണങ്ങളാണ്​ ഉയർന്നത്​. പുതിയ സംവിധാനം കുറ്റമറ്റ രീതിയിലാക്കാൻ അധികാരികൾ ശ്രദ്ധിക്കണം.

  
ശിപാർശ സ്വാഗതാർഹം


പ്രവാസികൾക്ക്​ ഇലക്​ട്രോണിക്​ തപാൽ വോട്ട്​ ഏർപ്പെടുത്താനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷ​െൻറ ശിപാർശ സ്വാഗതാർഹമാണ്​. പാകപ്പിഴകൾ ഉണ്ടായാൽ അത്​ പരിഹരിച്ച്​ മുന്നോട്ട്​ പോകണം. ലക്ഷക്കണക്കിന്​ പ്രവാസികൾക്ക്​ വോട്ട്​ ചെയ്യാനുള്ള അവസരമാണ്​ ഇതുവഴി ഒരുങ്ങുന്നത്​. വൈകിയാണെങ്കിലും ഇത്തരമൊരു ശിപാർശ വന്നതിൽ സന്തോഷമുണ്ട്​. കേന്ദ്ര സർക്കാർ അനുകൂല നിലപാട്​ സ്വീകരിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അ​തേസമയം, പ്രവാസികൾ തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങളിലും മറ്റും സ്വയം നിയന്ത്രണം പാലിക്കാനും തയാറാകണം.

 
പ്രയാസം മനസ്സിലായി


കോവിഡ്​ കാലത്താണ്​ പ്രവാസികൾക്ക്​ വോട്ടവകാശം ഇല്ലാത്തതി​െൻറ പ്രയാസം ശരിക്കും മനസ്സിലായത്​. ജോലിയും വരുമാനവും നഷ്​ടമായി ദുരിതത്തിലായ പ്രവാസികളെ സഹായിക്കാൻ നാട്ടിലെ ​നേതാക്കളെയൊന്നും കണ്ടില്ല. വിമാനമില്ലാതെ വിദേശത്തുകുടുങ്ങിയ പ്രവാസികളുടെ പ്രശ്​നങ്ങളിൽ ഇടപെടാൻ ആരും തയാറായില്ല. ഇതിനൊക്കെ മാറ്റം വരാൻ പ്രവാസികൾക്ക്​ നിർബന്ധമായും വോട്ട്​ ചെയ്യാൻ അവസരം ലഭിക്കണം. അപ്പോൾ മാത്രമേ, അവരുടെ അവകാശങ്ങൾ അംഗീകരിക്കാൻ ഭരണാധികാരികൾ തയാറാവൂ.



എംബസി പോളിങ്​ ബൂത്താക്കണം

പ്രവാസികൾക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കി തെരെഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടുവെച്ച ശിപാർശ സ്വാഗതാർഹമാണ്. പ്രവാസി വിഷയങ്ങൾ ശ്രദ്ധിക്കപ്പെടുവാൻ ഇത് ഉപകരിക്കും. എന്നാൽ, വോട്ട് ദുരുപയോഗം ചെയ്യപ്പെടുന്ന രീതിയുണ്ടാകരുത്​. അതത് വിദേശ രാജ്യങ്ങളിലെ എംബസി പോളിങ്​ ബൂത്തായി ഉപയോഗിച്ചുകൊണ്ടോ, അതല്ലെങ്കിൽ എംബസിയുടെ മേൽനോട്ടത്തിൽ സ്ഥല സൗകര്യമുള്ള ഇടങ്ങളിൽ ബൂത്ത് ക്രമീകരിച്ചോ നേരിട്ട് പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കണം. വിവിധ ലേബർ ക്യാമ്പുകളിൽ അടക്കം കഴിയുന്ന ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് കൂടി പ്രാപ്യമായ ശാസ്ത്രീയമാർഗങ്ങളിൽ പ്രവാസികളും വോട്ട് ചെയ്യട്ടെ.

 



ആശങ്ക നീക്കണം

പ്രവാസികൾ നിരന്തരമായി മുറവിളി കൂട്ടിയ വിഷയമാണ്​ പ്രവാസി വോട്ട്. അത് നടപ്പാക്കുന്നതി​െൻറ ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ചില നിർദേശങ്ങളുമായി മുന്നോട്ട് പോകുന്നതിൽ എല്ലാ പ്രവാസികളും സന്തോഷത്തിലാണ്. പ്രവാസികളുടെ ആശങ്കകൾ പൂർണമായും നീക്കിവേണം പുതിയ നിയമം പ്രാബല്യത്തിൽ വരുത്താൻ. നിലവിൽ നമ്മുടെ രാജ്യത്ത് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ്​ യന്ത്രം സംബന്ധിച്ച്​ ആളുകൾക്ക് സംശയമുണ്ട്. ഇത്​ സംബന്ധിച്ച ആക്ഷേപങ്ങൾ പരിഹരിക്കേണ്ടതാണ്. പ്രവാസികളുടെ വോട്ടിന്​ ഇപ്പോൾ നൽകിയിരിക്കുന്ന നിർദേശങ്ങൾ ബഹ്‌റൈൻ പോലെ ചെറിയ രാജ്യങ്ങളിൽ നടപ്പാക്കാൻ സാധിക്കും.

എന്നാൽ, സൗദി പോലെ വളരെ വലിയ രാജ്യങ്ങളിൽ എംബസിയുടെ മേൽനോട്ടത്തിൽ വോട്ട് രേഖപ്പെടുത്തി അതിനുശേഷം ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുക എന്നുള്ളത് വളരെ ബുദ്ധിമുട്ടാകും. നിലവിൽ തെരഞ്ഞെടുപ്പ്​ സമയത്ത് നാട്ടിലുള്ളവർക്ക് അവിടെ വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ട്. ആ നിയമം നിലനിർത്തി വേണം പുതിയ നിയമം പ്രാബല്യത്തിൽ വരുത്താൻ. പ്രവാസി സംഘടനകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ സ്വീകരിച്ചുവേണം ശിപാർശ നടപ്പാക്കാൻ.

 



എല്ലാവർക്കും അവസരം ഉണ്ടാകണം

ജനാധിപത്യ പ്രക്രിയയുടെ അന്തസ്സ്​​ ഉൾക്കൊണ്ട്​ രാജ്യത്തെ പൗരന്മാരുടെ അവകാശം കൃത്യമായി വിനിയോഗിക്കാൻ പ്രവാസികൾക്കും അവസരമൊരുക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷൻ ശിപാർശ സ്വാഗതാർഹമാണ്. മുഴുവൻ പ്രവാസികൾക്കും ജനപ്രാതിനിധ്യ സഭകളിലേക്ക് തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ അവസരം ഉണ്ടാകണം. കുറ്റമറ്റ രീതിയിൽ വോട്ടവകാശം വിനിയോഗിക്കാൻ അവസരം നൽകുന്നതിലൂടെ പ്രവാസികൾക്ക് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും സമ്മർദശക്തിയാകാനും കഴിയും. രാജ്യത്തിന് പുറത്തുള്ള മുഴുവൻ പ്രവാസികളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും വേണം.

 


വേഗം നടപ്പാക്കണം

പൗരാവകാശം പരമ പ്രധാനമാണ്​. തെരഞ്ഞെടുപ്പ്​ കമീഷ​െൻറ പുതിയ നിർദേശം നൂലാമാലകളുടെ പേരിൽ വെച്ചുതാമസിപ്പിക്കാതെ വേഗം നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. ഒാരോ പൗര​െൻറയും അവകാശം അവനു​തന്നെ വിനിയോഗിക്കാൻ കഴിയണം. ലോകത്തിലെ മിക്ക രാജ്യങ്ങളിലും നടപ്പാക്കിയെങ്കിലും ഇന്ത്യ മാത്രമാണ്​ ഇതിൽ വൈമനസ്യം കാട്ടുന്നത്​. അതേസമയം, വോട്ട്​ ചെയ്യുന്നത്​ സംബന്ധിച്ച്​ ഇപ്പോൾ മു​ന്നോട്ടുവെച്ച നിർദേശങ്ങൾ പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്​. വോട്ട്​ ചെയ്യാൻ എംബസികളുടെ കീഴിൽ സംവിധാനമൊരുക്കിയാൽ സാധാരണക്കാരായ പ്രവാസികൾക്ക്​ സൗകര്യമാകും.

 


പ്രവാസി അംഗീകരിക്കപ്പെടുന്നു

പ്രവാസിവോട്ട് എന്നത് സ്വപ്​നങ്ങളിലും ചിന്തകളിലും പ്രവൃത്തികളിലും നാട് എന്ന വികാരം മാത്രം നിറഞ്ഞു നില്‍ക്കുന്ന ഓരോ പ്രവാസിയുടെയും ചിരകാലസ്വപ്​നമാണ്. അതു യാഥാര്‍ഥ്യമാകു​േമ്പാൾ ഓരോ പ്രവാസിയും അംഗീകരിക്കപ്പെടുകയാണ്​. നാടി​െൻറ സമ്പദ്​വ്യവസ്ഥയെ താങ്ങിനിർത്തുന്നതിൽ മുഖ്യപങ്ക്​ വഹിക്കുന്ന പ്രവാസിക്ക്​ ഇന്ത്യൻ പൗരനെന്ന നിലയിൽ ലഭിക്കുന്ന അംഗീകാരമാണത്​.

 


മഹത്തായ മാതൃക

വോട്ടവകാശം യഥാർഥ്യമാവുക വളരെ വർഷങ്ങളായുള്ള പ്രവാസി സമൂഹത്തി​െൻറ ആഗ്രഹമാണ്. ഒരു ഇന്ത്യൻ പൗരന് വിദേശത്തുനിന്ന്​ വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുക അഭിമാനകരമാണ്. ഇന്ത്യൻ ജനാധിപത്യത്തി​െൻറ മഹത്തായ മറ്റൊരു മാതൃക കൂടിയാണ് ഭാരതം ലോകത്തിന് മുന്നിൽ തുറന്നു കാണിക്കുന്നത്.

ഭരണചക്രത്തി​െൻറ സാരഥികളെ നിർണയിക്കുന്നതിൽ പ്രവാസികളും പങ്കാളികളാകുമ്പോൾ ദീർഘകാലമായി പരിഹാരമില്ലാതെ കിടക്കുന്ന പ്രവാസികളുടെ വിഷയങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ ഭരണനേതൃത്വം പരിഗണിക്കുമെന്ന് കരുതുന്നു.

 



മാർഗരേഖയിൽ ആശങ്ക

പ്രവാസികൾക്ക് ഇലക്​ട്രോണിക്​ തപാൽ വോട്ടിന്​ അവസരം ഒരുക്കാൻ തയാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിയമ മന്ത്രാലയത്തെ അറിയിച്ചത് സ്വാഗതാർഹം ആണ്. പ്രവാസികളുടെ പ്രശ്​നങ്ങളിൽ ഇടപെടാനും അതിനു പരിഹാരം കാണാനും ഇതുവഴി ഭരണനേതൃത്വം നിർബന്ധിതമാകും. എന്നാൽ, ഈ സാഹചര്യം ഒരുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ച മാർഗരേഖ ആശങ്ക ഉളവാക്കുന്നതാണ്.

ഇ^മെയിലും മറ്റു സൗകര്യങ്ങളും ഇല്ലാത്ത സാധാരണക്കാർ സമ്മതിദാന അവകാശം ഉപയോഗിക്കാൻ ഇടനിലക്കാര​െൻറ സഹായം തേടേണ്ടി വരുന്നത്​ ചൂഷണത്തിന്​ വഴിയൊരുക്കാൻ സാധ്യതയുണ്ട്​. വോട്ടി​െൻറ വിശ്വാസ്യത ചോദ്യം ചെയ്യുന്നതിലേക്കും കാര്യങ്ങളെത്തും. അതോടൊപ്പം, എംബസിയിൽ അറ്റസ്​റ്റേഷൻ എന്ന നിബന്ധന ഉള്ളതിനാൽ ഏതൊരു സാധാരണക്കാരനും പ്രാപ്യമാകുന്ന അവസ്ഥയിലേക്ക് എംബസി സംവിധാനങ്ങളും മാറണം​.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.