എെൻറ ജന്മനാടായ വളപട്ടണത്തെ ജി.സി.സി കൾചറൽ ഫോറത്തിെൻറ നേതൃത്വത്തിൽ നവീകരിച്ച, ലോകപ്രശസ്തരായ എത്രയോ മഹത് വ്യക്തിത്വങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന 'മന്ന ഖബർസ്ഥാൻ' കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയത് കണ്ഠത്തിൽ കുയിലിെൻറ നാദവുമായി ജനിച്ച പീർ മുഹമ്മദിനെയാണ്.
'കാഫ് മലകണ്ട പൂങ്കാറ്റേ', 'ഒട്ടകങ്ങൾ വരി വരിയായി' തുടങ്ങിയ ഹിറ്റ് പാട്ടുകൾക്ക് ഈണമിട്ടതും പാടിയതും പീർ മുഹമ്മദാണ്.
കുട്ടിയായിരുന്നപ്പോൾതന്നെ 'ജനത സംഗീതസഭ'യിലൂടെ മാപ്പിളപ്പാട്ടിെൻറ ലോകത്ത് തുടക്കംകുറിച്ചു. തേൻതുള്ളി, അന്യരുടെ ഭൂമി എന്നീ സിനിമകളിൽ പാടി. 1957-90കളിൽ എച്ച്.എം.വിയിലെ ആര്‍ട്ടിസ്റ്റായിരുന്നു. സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാര്‍ഡ് നൈറ്റിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനുള്ള അവസരം പീർ മുഹമ്മദിന് മാത്രമേ ലഭിച്ചിട്ടുള്ളൂ. 1976ൽ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ചെന്നൈ ദൂരദർശനിലൂടെ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു. കേരളത്തിലും പുറത്തും ആയിരത്തോളം പരിപാടികൾ അവതരിപ്പിച്ചു. ആയിരത്തോളം കാസറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്.
എഴുപതുകളുടെ ആരംഭംതൊട്ട് തൊണ്ണൂറുകളുടെ അവസാനംവരെ മൂന്നു പതിറ്റാണ്ട് കാലം വടക്കേമലബാറിലെ വിവാഹങ്ങളെയും മറ്റാഘോഷങ്ങളെയും സംഗീത സാന്ദ്രമാക്കുകയും അറേബ്യയിലെ വരണ്ടുണങ്ങിയ ഭൂമിയിലേക്ക് ഉപജീവനംതേടി പോയ ആയിരക്കണക്കിന് മലയാളിമനസ്സുകളിലേക്ക് തളിർമഴയായി പെയ്തിറങ്ങുകയും ചെയ്ത ആ ശബ്ദസൗകുമാര്യം മരിക്കാത്ത ഓർമയായി എന്നും നിലനിൽക്കും. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ നിസ്തുലമായ പങ്കുവഹിച്ച അതുല്യ പ്രതിഭയായിരുന്നു പീർ മുഹമ്മദ്.
വ്യക്തിപരമായും എനിക്കിത് ഏറ്റവും ദുഃഖവാർത്തയാണ്. വളപട്ടണം ഗവ. ഹൈസ്കൂളിലെ എെൻറ സഹപാഠിയായ കെ.സി. അയ്യൂബിെൻറ സഹോദരീഭർത്താവാണ് അദ്ദേഹം. വി.കെ.സി. ഇസ്മായിലിലൂടെ വർഷങ്ങൾക്കുശേഷം കഴിഞ്ഞവർഷം പഴയ സൗഹൃദം പുതുക്കാൻ അവസരമുണ്ടായി. അതിനാൽ സ്വന്തം സഹോദരീഭർത്താവ് വിട പറഞ്ഞതുപോലുള്ള ദുഃഖമാണ് അനുഭവപ്പെട്ടത്. അദ്ദേഹം വളപട്ടണത്തു താമസിച്ച കാലത്ത്, നാട്ടിൽ പോകുേമ്പാൾ നേരിൽ കാണുമായിരുന്നു. ജീവിതം സ്വന്തം ശബ്ദംകൊണ്ട് അടയാളപ്പെടുത്തിയ ആ മഹാരഥന് പ്രവാസി കമീഷെൻറയും ബഹ്റൈനിലെ മുഴുവൻ പ്രവാസിസമൂഹത്തിെൻറയും പേരിൽ അന്ത്യാഞ്ജലികൾ അർപ്പിക്കുന്നു.
സുബൈർ കണ്ണൂർ,
പ്രവാസി കമീഷൻ മെംബർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.