മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാൾ 27ന് വി. കുർബാനയെ തുടർന്ന് കത്തീഡ്രലിലും നവംബർ 10ന് സൽമാബാദ് ഗോൾഡൺ ഈഗിൾ (ഗൾഫ് എയർ) ക്ലബിൽവെച്ചും നടക്കും.
നവംബർ 10ന് രാവിലെ വിശുദ്ധ കുർബാനയെ തുടർന്ന് ഇടവക കുടുംബസംഗമം നടക്കും. വിവിധ കലാ കായിക പരിപാടികളായ ഗാനമേള, സിനിമാറ്റിക് ഡാൻസുകൾ, വടംവലി തുടങ്ങിയവ ഉണ്ടായിരിക്കും. കൂടാതെ, വിവിധങ്ങളായ ഭക്ഷ്യമേള സ്റ്റാളുകളും കുട്ടികൾക്കായി ഗെയിംസ് സ്റ്റാളുകളും ഉണ്ടായിരിക്കും. വൈകീട്ട് അഞ്ചു മുതൽ നടക്കുന്ന ആദ്യഫലപ്പെരുന്നാൾ സമാപന പൊതുസമ്മേളനത്തിൽ, മുംബൈ ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി ചുമതലയേറ്റ ഡോ. ഗീവർഗീസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്തക്ക് ഇടവക സ്വീകരണം നൽകും. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരിക്കും.
വൈകീട്ട് എട്ടു മുതൽ വയലിനിസ്റ്റ് കുമാരി അപർണ ബാബു, സാക്സോഫോണിസ്റ്റ് രാജീവ് ജോർജ് എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷനും ഉണ്ടായിരിക്കും. വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹവികാരി ഫാ. ജേക്കബ് തോമസ് കാരക്കൽ, ഇടവക ട്രസ്റ്റി ജീസൺ ജോർജ്, ഇടവക സെക്രട്ടറി ജേക്കബ് പി. മാത്യു, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ബിനു എം. ഈപ്പൻ, ജോയന്റ് ജനറൽ കൺവീനർമാരായ സന്തോഷ് പകലോമറ്റം, മാത്യൂസ് നൈനാൻ, സെക്രട്ടറി രാജീവ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ ഇതിനുവേണ്ടി പ്രവർത്തിക്കുന്നുവെന്നു പബ്ലിസിറ്റി കൺവീനർ ജാഷൻ സൈമൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.