മനാമ: ഈജിപ്ത് സന്ദർശനത്തിനെത്തിയ ബഹ്റൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയെ ഈജിപ്ത് പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഡോ. മുസ്തഫ മദ്ബൂലി സ്വീകരിച്ചു.
ബഹ്റൈൻ-ഈജിപ്ത് സംയുക്ത കമ്മിറ്റിയുടെ പ്രഥമ യോഗത്തിനായാണ് അദ്ദേഹവും സംഘവുമെത്തിയത്. വ്യാപാര, സാമ്പത്തിക, വൈജ്ഞാനിക, സാങ്കേതിക വിദ്യ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് സംയുക്ത കർമസമിതി.
ബഹ്റൈനും ഈജിപ്തും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും അവ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സീസിയും തമ്മിലുള്ള ബന്ധവും ഇരുവരുടെയും കാഴ്ചപ്പാടുകളുമാണ് രണ്ട് രാജ്യങ്ങളും തമ്മിൽ കൂടുതൽ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള തീരുമാനത്തിലെത്തിയത്. പ്രഥമ സംയുക്ത സമിതി യോഗം വിജയത്തിലെത്തുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങൾ ഈജിപ്ത് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മന്ത്രി കൈമാറി. ബഹ്റൈൻ ഭരണാധികാരികൾക്കുള്ള പ്രത്യഭിവാദ്യം കൈമാറുന്നതിന് ധനകാര്യ മന്ത്രിയെ ഡോ. മുസ്തഫ മദ്ബൂലി ചുമതലപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.