മനാമ: ഫോർമുല 1 ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രിയുടെ എല്ലാ ഊർജ ആവശ്യങ്ങൾക്കും ഇനി സൗരോർജത്തെ ആയിരിക്കും ആശ്രയിക്കുക. പുതുതായി സ്ഥാപിച്ച സോളാർ പാനലുകൾ ഈ ആവശ്യങ്ങൾ സമ്പൂർണമായി നിറവേറ്റാൻ പര്യാപ്തമാണെന്ന് സംഘാടകർ അറിയിച്ചു. ഇതോടെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് കാർബൺ വിമുക്തമാക്കാനുള്ള രാജ്യത്തിന്റെ പ്രഖ്യാപനം ഫലപ്രാപ്തിയിലെത്തി.
പരിസ്ഥിതി സൗഹൃദമായ ഈ സംരംഭം ഫോർമുല 1 ന്റെ ഊർജ ആവശ്യകതകൾ നിറവേറ്റുമെന്നതിനേക്കാൾ ഉപരിയായി കാർബൺ ബഹിർഗമനം കുറക്കുകയും ഗണ്യമായ ഊർജ ചെലവ് ലാഭിക്കുകയും ചെയ്യും. കേവലം ഏഴു മാസങ്ങൾക്കുള്ളിലാണ് 18,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള 7,125 സോളാർ പാനലുകൾ സ്ഥാപിച്ചത്. 2060ഓടെ സീറോ കാർബൺ എമിഷൻ എന്ന അന്താരാഷ്ട്ര ലക്ഷ്യം കൈവരിക്കുന്നതിന് മുന്നോടിയായി പരമ്പരാഗത ഊർജ സ്രോതസ്സുകളിൽനിന്ന് ഘട്ടം ഘട്ടമായി പിൻവാങ്ങാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. രാജ്യം 2030ഓടെ കാർബൺ ന്യൂട്രൽ ആക്കാനുള്ള തീവ്രപരിശ്രമമാണ് നടക്കുന്നത്. ബഹ്റൈൻ തുറമുഖം പൂർണമായി സൗരോർജം അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.
ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിന്റെ സൗരോർജ പരിവർത്തനത്തിന്റെ ആദ്യഘട്ടം വേഗത്തിൽ പൂർത്തിയാക്കിയത് സുപ്രധാന നാഴികക്കല്ലാണെന്ന് ബി.ഐ.സി ചീഫ് എക്സിക്യൂട്ടിവ് ശൈഖ് സൽമാൻ ബിൻ ഇസ ആൽ ഖലീഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.