മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സ്ഥാപക ദിനാചരണവും രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നടന്നു. ചെയർമാൻ സനീഷ് കൂറുമുള്ളിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ. പി.വി. ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ശ്രീനാരായണ കമ്മ്യൂണിറ്റി രക്ഷാധികാരിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ.ജി. ബാബുരാജൻ, ഐ.സി. ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ബഹ്റൈൻ ബില്ലവാസ് പ്രസിഡന്റ് ഹരീഷ് പൂജാരി എന്നിവർ സംസാരിച്ചു.
25 വർഷം പൂർത്തിയാക്കിയ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും സൊസൈറ്റിയുടെ സ്ഥാപക അംഗങ്ങളായ കെ. ചന്ദ്രബോസ്, എ.വി. ബാലകൃഷ്ണൻ, അജിത്ത് പ്രസാദ്, ശശി പിള്ള എന്നിവരെയും സ്ഥാനമൊഴിഞ്ഞ മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളെയും ആദരിച്ചു.
കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനു രാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. വിഷുവിനോടനുബന്ധിച്ച് സൊസൈറ്റിയിൽ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും വിഷു സദ്യയും ഉണ്ടായിരിക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.