മനാമ: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ബഹ്റൈൻ ടി.വിയുടെ പങ്കാളിത്തത്തോടെ ആരംഭിച്ച ഫണ്ട് ശേഖരണത്തിന് വൻ പ്രതികരണം.
റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ഓണററി ചെയർമാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ആഹ്വാന പ്രകാരം ആർ.എച്ച്.എഫ് ചെയർമാനും യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ മേൽനോട്ടത്തിലാണ് പൊതുജനങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നത്.
ഹമദ് രാജാവ് 8.5 ദശലക്ഷം ഡോളർ സംഭാവന നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ 500,000 ദീനാർ സംഭാവന നൽകി. ‘ഗസ്സ നിവാസികൾക്ക് ഐക്യദാർഢ്യ ദിനം.... ഞങ്ങൾ നിങ്ങൾക്കൊപ്പം’ എന്ന തലക്കെട്ടിലാണ് പരിപാടി നടക്കുന്നത്. പരിപാടിക്ക് എല്ലാവിധ പിന്തുണയും നൽകുന്ന ഹമദ് രാജാവിന് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ നന്ദി പറഞ്ഞു. ഫലസ്തീനിനെ പിന്തുണക്കുന്ന രാജ്യത്തിന്റെ അസന്ദിഗ്ധവും ഉറച്ചതുമായ നിലപാടിന്റെ പ്രതിഫലനമാണ് രാജാവിന്റെ നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധികളിലും മാനുഷിക സാഹചര്യങ്ങളിലും സഹോദര-സൗഹൃദ ജനങ്ങളോടുള്ള ബഹ്റൈൻ നേതൃത്വത്തിന്റെയും സർക്കാറിന്റെയും ജനങ്ങളുടെയും ഉറച്ച നിലപാടാണ് ദേശീയ കാമ്പയിനിൽ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് സഹായഹസ്തം നീട്ടാൻ ലക്ഷ്യമിട്ടുള്ള മഹത്തായ കാമ്പയിനിലേക്ക് സംഭാവന നൽകാൻ എല്ലാ സ്ഥാപനങ്ങളോടും കമ്പനികളോടും പൗരന്മാരോടും താമസക്കാരോടും ശൈഖ് നാസിർ ആഹ്വാനം ചെയ്തു. ഹമദ് രാജാവിന്റെ നിർദേശങ്ങൾക്കനുസൃതമായി 1,00,000 ദീനാർ കാമ്പയിനിലേക്ക് ശൈഖ് നാസിർ സംഭാവന ചെയ്തിരുന്നു.
ഗസ്സയിലെ ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കാനുത്തരവിട്ട രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും അതിന്റെ ഭാഗമായി സഹായ പദ്ധതിക്ക് തുടക്കം കുറിച്ച ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫക്കും പദ്ധതി ആവിഷ്കരിച്ച ബഹ്റൈൻ ടി.വിക്കും ആർ.എച്ച്. എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ഇതുവരെ 16 മില്യണിലധികം ഡോളർ സമാഹരിച്ചതായി ഡോ. മുസ്തഫ അസ്സയ്യിദ് വെളിപ്പെടുത്തി. സംഭാവന നൽകിയ എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു, ഫലസ്തീൻ ജനതയെ പിന്തുണക്കാനുള്ള ഹമദ് രാജാവിന്റെ നിർദേശങ്ങൾക്ക് ബഹ്റൈനിലെ ഫലസ്തീൻ അംബാസഡർ താഹ അബ്ദുൽ ഖാദർ നന്ദി പറഞ്ഞു.BH07NBOB0000009957043 എന്ന ബാങ്ക് അക്കൗണ്ട് നമ്പർ വഴിയോ 94977 (ബറ്റൽകോ), 94944 (സൈൻ), 98977 (എസ്.ടി.സി) വഴി എസ്.എം.എസ് ചെയ്തോ 38800188 എന്ന ബെനിഫിറ്റ് പേ വഴിയോ സംഭാവനകൾ അയക്കാവുന്നതാണെന്ന് ഡോ. മുസ്തഫ അസ്സയ്യിദ് പറഞ്ഞു.
മനാമ: ഗസ്സ സഹായപദ്ധതിയിലേക്ക് വിവിധ സ്ഥാപനങ്ങൾ സംഭാവന നൽകി. , ബി.ബി.കെ 100,000 ദിനാർ, ബഹ്റൈൻ നാഷണൽ ഹോൾഡിങ് 20,000 ദിനാർ, ഗൾഫ് ഹോട്ടൽസ് 20,000 ദിനാർ, സികോ കമ്പനി 10,000 ദിനാർ,അൽ ഹവാജ് 10,000 ദിനാർ, ട്രാഫ്കോ 10,000 ദിനാർ, മാസ 10,000 ദിനാർ, സകാത് ഫണ്ട് 50,000 ദിനാർ, ബഹ്റൈൻ ഡെവലപ്മെന്റ് ബാങ്ക് 5,000 ദിനാർ, കൂഹ്ജി ഇലക്ട്രിക് കോൺട്രാക്ടിങ് കമ്പനി 20,000 ദിനാർ, ബഹ്റൈൻ കുവൈത്ത് ഇൻഷുറൻസ് കമ്പനി 20,000 ദിനാർ, യൂസുഫ് ബിൻ അഹ്മദ് കാനൂ കമ്പനി 20,000 ദിനാർ, അൽ സലാം ബാങ്ക് 50,000 ദിനാർ, നജീബി ചാരിറ്റി ഫൗണ്ടേഷൻ 15,000 ദിനാർ, അവാൽ ഡയറി കമ്പനി 5,000 ദിനാർ, ലിമാർ ഹോൾഡിങ് കമ്പനി 18,850 ദിനാർ, ബഹ്റൈൻ ക്രെഡിറ്റ് കമ്പനി 10,000 ദിനാർ, സാമിൽ ഗ്രൂപ് 50,000 ദീനാർ, യതീം കമ്പനി 25,000 ദിനാർ, സുന്നീ ഔഖാഫ് 25,000 ദീനാർ, നാസ് ഗ്രൂപ് 40,000 ദീനാർ, ഇബ്രാഹിം ഖലീൽ കാനൂ 20,000, അൽ ബിലാദ് പത്രം 10,000 ദീനാർ, അൽ ബറക ബാങ്ക് 37,700 ദീനാർ, സൈൻ ബഹ്റൈൻ 18,850 ദീനാർ, ട്രേഡ് സെന്റർ 100,000 ലക്ഷം ദീനാർ, എസ്.ടി.സി ബഹ്റൈൻ 18,000 ദിനാർ, ലുലു ഹൈപ്പർ മാർക്കറ്റ് 25,000 ദീനാർ, സീഫ് പ്രോപ്പർട്ടീസ് 25,000 ദീനാർ, ഫഖ്റു ഗ്രൂപ് 37,700 ദീനാർ, കുവൈത്ത് ഫിനാൻസ് ഹൗസ് 100,000 ദിനാർ, അൽബ 100,000 ദിനാർ, ബെനഫിറ്റ് 25,000 ദിനാർ, ബിയോൺ 100,000 ദിനാർ, ബാപ്കോ എനർജീസ് 500,0000 ദിനാർ, ബഹ്റൈൻ ഇസ്ലാമിക് ബാങ്ക് 25,000 ദീനാർ, ഇസ്ലാമിക് സൊസൈറ്റി 30,000 ദീനാർ, ജി.പി.ഐ.സി 100,000 ദീനാർ, എൻ.ബി.ബി 100,000 ദീനാർ എന്നിങ്ങനെ സഹായം നൽകി. കഴിഞ്ഞദിവസം ബഹ്റൈൻ ടി.വിയിലൂടെ നടത്തിയ സഹായ സംഭരണ പരിപാടിയിൽ രാജ്യത്തെ വിവിധ കമ്പനികളും വ്യക്തികളും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.