മനാമ: 37ാമത് ജി.സി.സി ഉച്ചകോടിക്ക് ചൊവ്വാഴ്ച ബഹ്റൈനില്‍ തുടക്കമാകും. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ അംഗരാജ്യങ്ങളിലെ ഭരണാധികാരികളും പ്രതിനിധി സംഘങ്ങളും സംബന്ധിക്കും. അറബ്, ഗള്‍ഫ് രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളില്‍ ഗൗരവതരമായ ചര്‍ച്ചകളും നടക്കും. അറബ് മേഖലയുടെ സുരക്ഷ, എണ്ണ വില സ്ഥിരത, ഗള്‍ഫ് യൂനിയന്‍, അംഗരാജ്യങ്ങള്‍ തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാക്കല്‍, ഭീകര വിരുദ്ധ പോരാട്ടം തുടങ്ങിയവ സമ്മേളനത്തില്‍ ചര്‍ച്ചയാകും. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ഉച്ചകോടിയിലൂടെ രണ്ട് ദിവസം അറബ് ലോകത്തിന്‍െറയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായും ബഹ്റൈന്‍ മാറും.
ബഹ്റൈന്‍, സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നീ അംഗ രാജ്യങ്ങള്‍ തമ്മിലെ സഹകരണം ശക്തമായ ബന്ധത്തിലേക്ക് എത്തിക്കുന്നതിനുള്ള ഗള്‍ഫ് യൂനിയനിലേക്കുള്ള ചര്‍ച്ചകള്‍ ബഹ്റൈന്‍ ഉച്ചകോടിയില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗള്‍ഫ് യൂനിയന്‍ സംബന്ധിച്ച് ഒമാന്‍ അനുകൂല അഭിപ്രായം വ്യക്തമാക്കിയിട്ടില്ളെങ്കിലും നിലവിലെ സാഹചര്യത്തില്‍ ശക്തമായ സഹകരണത്തിന് രാജ്യങ്ങള്‍ തയാറാകും. സിറിയ, യമന്‍ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങള്‍ക്കൊപ്പം അറബ് ലോകം നേരിടുന്ന സുരക്ഷാ ഭീഷണിയും ചര്‍ച്ചയാകും. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം ഭീകരതക്കെതിരെയുള്ള പോരാട്ടം സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്യും. അറബ് രാജ്യങ്ങളുടെ അടുത്ത സുഹൃത്തായ അമേരിക്കയില്‍ പുതിയ പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള സാഹചര്യങ്ങളും ഉച്ചകോടിയില്‍ ഉയര്‍ന്നുവരുമെന്നുള്ള സൂചനകളുമുണ്ട്. രണ്ട് വര്‍ഷമായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന എണ്ണ വില സ്ഥിരത കൈവരിക്കുന്നതിനുള്ള നടപടികളും ചര്‍ച്ച ചെയ്യും. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, പ്രതിരോധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഉച്ചകോടി ലോകത്തിന്‍െറ ശ്രദ്ധയും ആകര്‍ഷിക്കും.
ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് അംഗരാജ്യങ്ങളിലെ ഭരണാധികാരികളെ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ നേരത്തേ തന്നെ ക്ഷണിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. ബ്രിട്ടനില്‍ അധികാരമേറ്റ ശേഷം ആദ്യമായി അറബ് ലോകത്തേക്ക് എത്തുന്ന തെരേസ മേയ് ജി.സി.
വലിയ തോതിലുള്ള ഒരുക്കങ്ങളും ബഹ്റൈനില്‍ പൂര്‍തതിയാക്കിയിട്ടുണ്ട്. രാജ്യത്ത് പാതയോരങ്ങളിലും മറ്റും ജി.സി.സി അംഗ രാജ്യങ്ങളുടെ പതാകകള്‍ സ്ഥാപിച്ചുകഴിഞ്ഞു.
1981ല്‍ ജി.സി.സി രൂപവത്കരിക്കപ്പെട്ട ശേഷം ഇത് ഏഴാം പ്രാവശ്യമാണ് ബഹ്റൈനില്‍ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്.
അറബ്- അന്താരാഷ്ട്ര തലത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഉച്ചകോടിക്ക് വന്‍ മാധ്യമ സംഘവും എത്തുന്നുണ്ട്. 350ലധികം മാധ്യമപ്രവര്‍ത്തകരാണ് ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്നത്. 52ലധികം വാര്‍ത്താ ഏജന്‍സികളും എത്തുന്നുണ്ട്. വിവിധ അറബ് ചാനലുകള്‍ തത്സമയ സംപ്രേഷണവും ഒരുക്കുന്നുണ്ട്. മനാമയിലെ ഗള്‍ഫ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ വിപുലമായ സൗകര്യങ്ങളുള്ള മീഡിയ സെന്‍ററും പ്രവര്‍ത്തനം ആരംഭിക്കും. ജി.സി.സി ഉച്ചകോടി ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് മന്ത്രി അലി അല്‍ റുമൈതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.