മനാമ: ജി.സി.സി ഉൾപ്പെടെയുള്ള അമ്പതിൽപരം രാജ്യങ്ങളിലെ കെ.എം.സി.സികളുടെ പ്രതിനിധികൾ പങ്കെടുത്ത ഗ്ലോബൽ മീറ്റ് കോഴിക്കോട് നടന്നു. വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനു പോകുന്ന വിദ്യാർഥികൾക്കും ജോലി ആവശ്യാർഥം പോകുന്നവർക്കും എല്ലാ രാജ്യത്തുമുള്ള കെ.എം.സി.സി ഭാരവാഹികളെ ബന്ധപ്പെടാൻ വെബ്സൈറ്റ് ഉൾപ്പെടെയുള്ള ഓഫിസ് സംവിധാനം നിലവിൽവരുമെന്ന് മുസ്ലിം ലീഗ് നേതാക്കൾ അറിയിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉൾപ്പെടെയുള്ളവർ സംസാരിച്ചു. കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ട്രഷറർ പി.കെ. മുസ്തഫ, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, മുൻ ജനറൽ സെക്രട്ടറി അസ്സൈനാർ കാലത്തിങ്കൽ എന്നിവർ ബഹ്റൈൻ പ്രതിനിധികളായി സംബന്ധിച്ചു.
വേൾഡ് കെ.എം.സി.സി ഭാരവാഹികളായി കെ.പി. മുഹമ്മദ് കുട്ടി സൗദി അറേബ്യ (പ്രസിഡന്റ്), പുത്തൂർ റഹ്മാൻ- യു.എ.ഇ (ജനറൽ സെക്രട്ടറി), യു.എ നസീർ- യു.എസ്.എ (ട്രഷറർ), അബ്ദുല്ല ഫാറൂഖി -യു.എ.ഇ, എസ്.എ.എം ബഷീർ -ഖത്തർ, സി.കെ.വി. യൂസുഫ് -മസ്കത്ത്, കുഞ്ഞമ്മദ് പേരാമ്പ്ര -കുവൈത്ത്, സി.വി.എം. വാണിമേൽ -യു.എ.ഇ (വൈസ് പ്രസിഡന്റുമാർ), ഖാദർ ചെങ്കള -സൗദി, അബ്ദുന്നാസർ നാച്ചി -ഖത്തർ, അസൈനാർ -ബഹ്റൈൻ, ഡോ. മുഹമ്മദലി- ജർമനി, ഷബീർ കാലടി -സലാല (സെക്രട്ടറിമാർ) എന്നിവരെ പ്രഖ്യാപിച്ചു.
തെരഞ്ഞെടുക്കപ്പെട്ടവരിൽ ബഹ്റൈൻ പ്രതിനിധിയായി അസ്സൈനാർ കളത്തിങ്കലിനെ തെരഞ്ഞെടുത്തതീൽ വളരെ സന്തോഷമുണ്ടെന്നും അർഹതക്കുള്ള അംഗീകാരമാണ് അദ്ദേഹത്തിന്റെ സ്ഥാനലബ്ധി എന്നും പ്രസിഡന്റ് ഹബീബ് റഹ്മാൻ പറഞ്ഞു. അദ്ദേഹത്തെയും തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഭാരവാഹികളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.