മനാമ: പ്രായം പഠനത്തിന് തടസ്സമേയല്ലെന്നും പരിശ്രമിച്ചാൽ എന്തും നേടിയെടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മുൻ ബഹ്റൈൻ പ്രവാസി. കണ്ണൂർ ജില്ലയിലെ ആറ്റടപ്പ സ്വദേശിയായ വി.വി.പ്രേമരാജനാണ് കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ബി.എ ബിരുദം കരസ്ഥമാക്കിയിരിക്കുന്നത്. കൂടാളിയിലെ നിർധന കുടുംബത്തിൽ പിറന്ന പ്രേമരാജന്‍ പത്താം ക്ലാസ് പാസായതോടെ പഠനം നിർത്തേണ്ടി വന്നു. തോട്ടടയിലെ ഇരുമ്പു കമ്പനിയിൽ ജോലി ചെയ്യവേയാണ് ബഹ്റൈനിലെത്തുന്നത്. സൽമാബാദിൽ ഗാരേജിൽ വാഹനങ്ങളുടെ സൈലൻസർ റിപ്പയർ ജോലിയായിരുന്നു കിട്ടിയത്.
സൽമാബാദ് പ്രദേശത്തെ ബഹ്റൈൻ പ്രതിഭ കൺവീനറായി പ്രവർത്തിക്കവേ ജീവകാരുണ്യ പ്രവർത്തനങ്ങളിലും പ്രേമരാജൻ സജീവമായി. പ്രയാസത്തിലകപ്പെട്ട അന്യ സംസ്ഥാനക്കാർ പോലും കേട്ടറിഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ സഹായം ലഭിക്കാനായി അന്വേഷിച്ച് വരാറുണ്ടായിരുന്നു.
ഒരു സൈക്കിളിൽ സഞ്ചരിച്ചുകൊണ്ട് സൽമാബാദ് പ്രദേശത്തെ ഗാരേജ് തൊഴിലാളികൾ അടക്കമുള്ള ആളുകളെ പ്രതിഭയിൽ അംഗങ്ങളാക്കി സംഘടനാവൈഭവവും പ്രദർശിപ്പിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോയ പ്രേമരാജൻ അവിടെയും സാമൂഹിക പ്രവർത്തനത്തിൽ സജീവമായി. ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാലയുടെ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴാണ് മുടങ്ങിപ്പോയ വിദ്യാഭ്യാസം തുടരണമെന്ന ചിന്തയുണ്ടായത്.
സാക്ഷരത പ്രസ്ഥാനത്തിലൂടെ പ്ലസ്ടു പഠനം ആരംഭിക്കുകയും മുഴുവൻ എ പ്ലസോടെ പ്ലസ്ടു പാസായി സംസ്ഥാനത്തെ ആദ്യത്തെ പ്രായം കൂടിയ പഠിതാവായി മാറുകയും ചെയ്തു. ശേഷം കാലിക്കറ്റ് സർവകലാശാലക്കു കീഴിൽ പ്രൈവറ്റായി പഠിച്ചാണ് ബിരുദം കരസ്ഥമാക്കിയത്. കാലിക്കറ്റ് സർവകലാശാല വളപ്പിൽ നടന്ന ബിരുദദാന ചടങ്ങിൽ പ്രോ.വൈസ് ചാൻസലർ ഡോ. എം. നാസറിൽ നിന്നാണ് അദ്ദേഹം ബിരുദ സർട്ടിഫിക്കറ്റ് സ്വീകരിച്ചത്. അഭിഭാഷകനാവുക എന്നതാണ് പ്രേമരാജന്റെ അടുത്ത സ്വപ്നം.ഭാര്യ വാരം യു.പി സ്കൂളിലെ റിട്ട. അധ്യാപികയായ അനിതയും മക്കളായ ഡോ.അശ്വന്ത്, ഡോ. ഐശ്വര്യ എന്നിവരും എന്നും പ്രോത്സാഹനമായിരുന്നു. പ്രതിഭ മുൻരക്ഷാധികാരി സമിതി അംഗം കൂടിയായ പ്രേമരാജന്റെ നേട്ടത്തിൽ അഭിമാനിക്കുന്നതായി പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.