തെരഞ്ഞെടുപ്പ് എന്നത് എന്നും എപ്പോഴും ആവേശം നിറഞ്ഞ ഒന്നാണ്. പ്രവാസത്തിൽ ഇരിക്കുമ്പോൾ പഴയകാല ഓർമകൾ അയവിറക്കാനും ഒരു സുഖമുണ്ട്. കെ.പി. ഉണ്ണികൃഷ്ണൻ വടകര ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുമ്പോഴാണ് ഞാൻ ആദ്യമായി (1977) തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കുന്നത്. കെ.കെ. രമയുടെ അമ്മയുടെ വീട് സ്ഥിതിചെയ്യുന്ന പള്ളിയത്ത് കുനിയിലായിരുന്നു ആ യോഗം. രാത്രി വളരെ വൈകി 12 മണി ആയിക്കാണും സ്ഥാനാർഥി യോഗ പ്രദേശത്ത് എത്തിച്ചേരാൻ. ആരും അക്ഷമരാകാതെ കാത്തുനിൽക്കുകയായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിക്ക് നല്ല വേരുള്ള നടുവണ്ണൂർ പഞ്ചായത്തിലെ കാവുന്തറയായിരുന്നു തറവാട്. ബാപ്പയുടെ ഇളയ അനുജൻ രാഷ്ട്രീയ കാര്യങ്ങളിൽ നല്ല താൽപര്യം ഉള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ കൈ പിടിച്ചാണ് കുട്ടിക്കാലത്ത് ഇത്തരം യോഗങ്ങളിൽ പങ്കെടുത്തത്.
മുതിർന്നപ്പോൾ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ കാളാണ്ടിത്താഴത്ത് താമസമാക്കി. പിന്നീടുള്ള പ്രവർത്തനങ്ങൾ ഈ പ്രദേശം കേന്ദ്രീകരിച്ചാണ്. സർക്കാർ ജീവനക്കാരും കൂലിത്തൊഴിലാളികളുമായ ജീവിതത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരടങ്ങിയ കോഴിക്കോട് മെഡിക്കൽ കോളജിന് വടക്കു പടിഞ്ഞാറ് വശത്തുള്ള പ്രദേശമാണിത്. വിരുപ്പിൽ-കോവൂർ പാർട്ടി ബ്രാഞ്ചുകൾക്ക് കീഴിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താനും കഴിഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പാർട്ടിക്കുവേണ്ടി നടത്തിയത് ഇപ്പോൾ താമസിക്കുന്ന കാളാണ്ടിത്താഴം പ്രദേശത്തും വിരിപ്പിൽ മെഡിക്കൽ കോളജ് ഗ്രൗണ്ട് പരിസരം എന്നിവിടങ്ങളിലൊക്കെയായിരുന്നു. പാർട്ടി ചുമതലയുള്ളപ്പോൾ കർഷക സംഘത്തിന്റെ ചുമതലയുള്ള ആർട്ടിസാൻകാരനായ സഖാവ് ഭരതേട്ടൻ നയിച്ചിരുന്ന സ്ക്വാഡിലാണ് ജനങ്ങളിലേക്ക് ഇറങ്ങിയത്. സെന്ററിങ് ജോലി ചെയ്യുന്ന രാധാകൃഷ്ണനും കള്ളുഷാപ്പിൽ ജോലി ചെയ്തിരുന്ന അകാലത്തിൽ മറഞ്ഞുപോയ മേക്കോളി പ്രകാശനും തുന്നലുകാരനായ ശിവാനന്ദനും ഇപ്പോൾ സൗത്ത് എ.സി. ഓഫിസ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന പ്രദീപ് വീരപ്പനുമൊക്കെ ചേർന്നതായിരുന്നു ആ സ്ക്വാഡ്.
പ്രദേശം കൈവെള്ളയിലെ രേഖ എന്നതുപോലെ അറിയാവുന്ന ഭരതേട്ടനൊപ്പം വീടുവീടാന്തരമുള്ള കയറിയിറങ്ങൽ അതീവ രസകരമാണ്. ക്ഷോഭിക്കാത്ത പ്രകൃതമായിരുന്നു ഭരതേട്ടന്. അതിനാൽ, എതിർ പാർട്ടിയിൽപ്പെട്ട വീട്ടുകാർ എതിർ വാക്ക് പറഞ്ഞാലും മന്ദഹാസത്തോടെ അതുകേട്ട് നിൽക്കാൻ ഭരതേട്ടന്റെ കോച്ചിങ് അന്നും പിന്നീടും വളരെ ഉപകരിച്ചു. തെരഞ്ഞെടുപ്പ് നാളിലാണ് ശരിക്കും ഓരോരുത്തരും അവരവരുടെ രാഷ്ട്രീയ യോജിപ്പുകളും വിയോജിപ്പുകളും മറയില്ലാതെ പറയുക എന്ന് തോന്നിയിട്ടുണ്ട്. സ്വയം വെളിവാക്കാത്ത ചിലരെ ബോധപൂർവം ഒന്ന് പ്രകോപിപ്പിച്ചാൽ ഉള്ളിലെ പൂച്ച പുറത്തുചാടുന്നതും കാണാനിടയായിട്ടുണ്ട്. എന്നിരുന്നാലും വാഗ്വാദങ്ങൾ നടത്തി അറ്റു പോകാതിരിക്കാനും പകയുള്ള ബന്ധമായി അത് വഷളാകാതിരിക്കാനും ഞങ്ങൾ എല്ലാവരും ശ്രദ്ധാലുക്കളായിരുന്നു. എതിരാളികളാണെങ്കിലും വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ നല്ല സ്വീകരണവും ഭക്ഷണം കഴിക്കുകയാണെങ്കിൽ അതിന്റെ പങ്കും തരാതെ ആരും വിടാൻ തയാറായിരുന്നില്ല. നാട്ടിലുണ്ടായിരുന്ന കാലത്ത് അധിക തെരഞ്ഞെടുപ്പുകളും മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് ഉണ്ടായിട്ടുള്ളത്. ഉച്ചനേരം കിട്ടുന്ന കിണർ വെള്ളവും മോരുവെള്ളവും ഇന്നും നാവിൽ തങ്ങിനിൽക്കുന്ന സ്വാദാണ്. അന്നാണെങ്കിൽ ഇങ്ങോട്ട് കിട്ടുന്ന വോട്ടും അങ്ങോട്ട് ചാടാൻ പോകുന്ന വോട്ടും വീട്ടിലെ ഓരോ അംഗത്തിന്റെയും രാഷ്ട്രീയ ചായ്വ് മനസ്സിലാക്കി കണക്കാക്കാൻ കഴിഞ്ഞിരുന്നു. അത്രക്ക് ഇഴുകിച്ചേർന്നിരുന്നു പ്രദേശത്തെ ഓരോ വീട്ടുകാരുമായും സ്ക്വാഡിലെ അംഗങ്ങൾ.
തെരഞ്ഞെടുപ്പ് ദിനം അതിരാവിലെ തന്നെ വീടുകളിൽ എത്തി നേരത്തേ തീരുമാനിച്ച ഓപൺ വോട്ടുകാരെയും ആരോഗ്യസ്ഥിതി മോശമായവരെയും ആവശ്യമായ സൗകര്യങ്ങൾ നൽകി ചാർജുള്ള മൂഴിക്കൽ എൽ.പി സ്കൂളിലെ പോളിങ് ബൂത്തിലെത്തിച്ചിരുന്നു.
പോളിങ് സ്റ്റേഷന് നിശ്ചിത അകലെയുള്ള കൗണ്ടറും അതിൽ ഇരുന്ന് സ്ലിപ്പ് കൊടുത്ത് സ്വന്തം സ്ഥാനാർഥിക്ക് വോട്ട് ഉറപ്പിച്ചതും ലിസ്റ്റ് നോക്കി വോട്ട് ചെയ്യാനെത്താത്തവരുടെ വിവരങ്ങൾ മറ്റു പ്രവർത്തകരെ അറിയിക്കലും ചില നേരം അവർക്കരികിലേക്ക് സ്വയം ഓടിപ്പോകലും വൈകീട്ട് അഞ്ചു മണിവരെയുള്ള വിശ്രമമില്ലാത്ത ഓട്ടവും ഇന്നലെ എന്നതുപോലുള്ള ഓർമയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.