ബഹ്റൈൻ-ദോഹ ബുക്കിങ് ആരംഭിച്ച് ഗൾഫ് എയറും ഖത്തർ എയർവേസും

മനാമ: വർഷങ്ങൾ നീണ്ട ഇടവേളക്കു ശേഷം ബഹ്റൈനും ഖത്തറും തമ്മിൽ വ്യോമ ഗതാഗതം പുനരാരംഭിക്കാൻ തീരുമാനിച്ചതിനു പിന്നാലെ ബഹ്റൈൻ ദേശീയ എയർലൈൻസായ ഗൾഫ് എയർ ഇരു രാജ്യങ്ങൾക്കുമിടയിലെ നേരിട്ടുള്ള സർവീസിന് ബുക്കിങ് ആരംഭിച്ചു. മേയ് 25 മുതലാണ് സർവിസ് തുടങ്ങുന്നത്. ദിനേന ഒരു സർവീസാണ്​ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്​. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകളുണ്ടാകുമെന്നാണ്​ കരുതുന്നത്​. ബഹ്റൈനിൽ നിന്നും രാവിലെ 9.30ന് പുറപ്പെട്ട് 10.15നാണ് വിമാനം ദോഹയിലെത്തുന്നത്. ദോഹയിൽ നിന്നും 11.15ന് പുറപ്പെട്ട് 12 മണിയോടെ ബഹ്റൈനിലെത്തും. ഇക്കണോമി ക്ലാസിന് 90 ദിനാറാണ് നിരക്ക്.

ഖത്തർ എയർവേസും ദോഹയിൽ നിന്നും നേരിട്ടുള്ള വിമാന ബുക്കിങ് ആരംഭിച്ചു. മേയ് 25 മുതൽ തന്നെ ഖത്തർ എയർവേസ് വിമാനങ്ങൾ ദോഹയിൽ നിന്നും ബഹ്റൈനിലേക്ക് പറന്നു തുടങ്ങും. 2017ലെ ഗൾഫ് ഉപരോ​ധത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം നിലച്ചതോ​ടെ യാത്രാ മാർഗങ്ങളും അവസാനിച്ചു. തുടർന്ന്, ഉപരോധം നീങ്ങിയിട്ടും ഖത്തറും ബഹ്റൈനും തമ്മിലെ ബന്ധം പുനസ്ഥാപിച്ചിരുന്നില്ല. കഴിഞ്ഞ മാസം നടന്ന ജി.സി.സി ഫോളോഅപ്പ് കമ്മിറ്റി യോഗത്തിനു ശേഷമായിരുന്നു നയതന്ത്ര ബന്ധം പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. അതിന്റെ തുടർച്ചയായി വിമാന സർവീസും പുനരാരംഭിക്കുകയാണിപ്പോൾ.

ബഹ്റൈൻ-ദോഹ 50 മിനിറ്റാണ് യാത്രാ ദൈർഘ്യം. ദിവസവും രാത്രി എട്ടിന് ദോഹയിൽ നിന്നും പുറപ്പെടുന്ന ഖത്തർഎയർവേസ് 1109 എയർ ബസ് എ320 വിമാനം 8.50ഓടെ ബഹ്റൈനിലെത്തും. ഇക്കണോമി ക്ലാസിന് 1210 റിയാലും, ഫസ്റ്റ് ക്ലാസിന് 4780 റിയാലുമാണ് നിലവിലെ നിരക്ക്. ബഹ്റൈനിൽ നിന്നും ​രാത്രി 10.20ന് പുറ​പ്പെടുന്ന വിമാനം രാത്രി 11.15ഓടെ ദോഹയിലെത്തും. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ട് വിമാന സർവീസ് പുനരാരംഭിക്കുന്നത് മേഖലയുടെ വിനോദ സഞ്ചാരത്തിനും ഉണർവു പകരും. ബിസിനസ്സ് സമൂഹമുൾപ്പടെയുള്ള പ്രവാസി മലയാളികൾക്കും ഇത് ഏറെ പ്രയോജനം ചെയ്യും. നേരത്തെ ഒമാൻ, കുവൈത്ത് വഴി വേണമായിരുന്നു ദോഹയിലെത്താൻ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.