മനാമ: ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ രണ്ട് സ്വദേശികളെ എക്സിക്യൂട്ടിവ്, മാനേജ്മെൻറ് പദവികളിൽ നിയമിച്ചു. ചീഫ് ഫിനാൻഷ്യൽ ഓഫിസറായി അദ്നാൻ ഹാഷിമും മാനവ വിഭവശേഷി ഡയറക്ടറായി ജമാൽ അൽ കുവൈത്തിയുമാണ് പുതുതായി നിയമിതരായത്.
ബാങ്കിങ്, ധനകാര്യ മേഖലയിൽ 25 വർഷത്തിലേറെ പരിചയമുള്ളയാളാണ് അദ്നാൻ ഹാഷിം. അലുമിനിയം ബഹ്റൈനിെൻറ (ആൽബ) ചീഫ് ഫിനാൻഷ്യൽ ഓഫിസറായിരുന്നു അദ്ദേഹം. അതിനുമുമ്പ്, സൗദി അറേബ്യയിലെ ഏറ്റവും വലിയ അസറ്റ് മാനേജ്മെൻറ് സ്ഥാപനമായ എൻ.സി.ബി കാപിറ്റലിലും അദ്ദേഹം ഇതേ ചുമതല വഹിച്ചിരുന്നു. നിരവധി ബോർഡുകൾ, എക്സിക്യൂട്ടിവ് കമ്മിറ്റികൾ, ഓഡിറ്റ് കമ്മിറ്റികൾ, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ നഷ്ടപരിഹാര, ഭരണസമിതികൾ എന്നിവയിൽ പ്രവർത്തിച്ച അദ്ദേഹം ബഹ്റൈനിലെ എ.സി.സി.എ അംഗങ്ങളുടെ ഉപദേശകസമിതി ചെയർമാനായും ചുമത വഹിച്ചിട്ടുണ്ട്. സ്കോട്ട്ലൻഡിലെ സ്ട്രാത്ത്ക്ലൈഡ് സർവകലാശാലയിൽനിന്നാണ് എം.ബി.എ നേടിയത്.
രണ്ട് പതിറ്റാണ്ടിലേറെ പ്രവർത്തനപരിചയമുള്ള ജമാൽ അൽ കുവൈത്തി 15 വർഷം മാനവ വിഭവശേഷി മാനേജ്മെൻറ് മേഖലയിലാണ് കേന്ദ്രീകരിച്ചത്. അലുമിനിയം ബഹ്റൈൻ (ആൽബ), ആസാദിയ റീട്ടെയിൽ ഗ്രൂപ് എന്നിവ ഉൾപ്പെടെ സർക്കാർ, അർധസർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് അദ്ദേഹം ഗൾഫ് എയറിലേക്ക് വരുന്നത്. ഡി പോൾ സർവകലാശാലയിൽനിന്ന് മാനവ വിഭവശേഷിയിൽ ബിരുദാനന്തര ബിരുദം നേടിയ അൽ കുവൈത്തി, ലണ്ടൻ ബിസിനസ് സ്കൂളിൽനിന്ന് എക്സിക്യൂട്ടിവ് ഹ്യൂമൻ റിസോഴ്സ് ട്രെയിനിങ് ഉൾപ്പെടെ നിരവധി പ്രഫഷനൽ പ്രോഗ്രാമുകൾ പൂർത്തിയാക്കി. മികച്ച അനുഭവമുള്ള ബഹ്റൈൻ പ്രതിഭകളെ എക്സിക്യൂട്ടിവ് മാനേജ്മെൻറ് ടീമിലേക്ക് നിയമിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഗൾഫ് എയർ ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ക്യാപ്റ്റൻ വലീദ് അൽ അലവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.