മനാമ: പ്രവാസജീവിതത്തിന്റെ തുടക്കം മുതൽ ഇന്നുവരെയുള്ള അനുഭവം ഒരുനിമിഷം കൊണ്ട് ചിന്തിച്ചുനോക്കിയാൽ ചിലപ്പോൾ ഒരുജന്മം മുഴുവൻ എഴുതിയാലും തീരാത്ത ഓർമകൾ ഉണ്ടാകും. വാക്കുകൾക്ക് മണൽച്ചൂടിന്റെ കാഠിന്യവും സ്വപ്നങ്ങൾക്ക് ധനുമാസത്തിലെ തണുപ്പിന്റെ കുളിരും ഉണ്ടാകും. ഓരോന്നും ചിന്തിക്കുവാൻ, ജീവിതത്തിൽ ഒരു മാറ്റം തന്നെ തന്നത് ശരിക്കും ഗൾഫ് മാധ്യമം ആണ്.
ചൂടുചായയുടെ ആവി കപ്പിൽനിന്ന് മുകളിലേക്ക് ഉയരും മുമ്പേ വായിച്ചു തീരാൻ കൊതിക്കുന്ന മാധ്യമത്തിലെ വാർത്തകൾ ചിലപ്പോൾ ഒന്നും രണ്ടും തവണ ആവർത്തിച്ച് വായിച്ച് മടക്കിവെയ്ക്കും. വാർത്തകൾ വേദന ഉള്ളതും അല്ലാത്തതും, അങ്ങനെ തരം തിരിക്കാൻ സാധിക്കുമായിരുന്നു. അല്ലെങ്കിൽ അതിനെക്കുറിച്ച് ആരോടെങ്കിലും ഒരു ചെറിയ ചർച്ച നടത്തിക്കഴിയുമ്പോൾ മനസ്സിന് ഒരു സമാധാനം കിട്ടും.
ശരിക്കും മാധ്യമത്തിന്റെ ദിവസവുമുള്ള വായനമൂലം നാടും, ലോകവും രാവിലെ തന്നെ കൺമുന്നിൽക്കൂടെ കടന്നുപോകുമ്പോൾ ഒരിക്കലും ഒറ്റയ്ക്കായി എന്ന തോന്നൽ ഉണ്ടാകാറില്ല.
കടൽ കടന്നു പോരുമ്പോൾ ഇങ്ങനെയൊരു അനുഭവം ഉണ്ടാകുമെന്നോ, അല്ലെങ്കിൽ വായന തിരികെ കിട്ടുമെന്നോ ഒരിക്കലും ചിന്തിച്ചിരുന്നില്ല . ഗൾഫ് മാധ്യമത്തിനോട് എന്നും കടപ്പാടുണ്ട്. നിശ്ശബ്ദമായ വായനയിൽക്കൂടി കിട്ടുന്ന നേർക്കാഴ്ചയ്ക്ക് എന്നും നിലനിൽപ്പുണ്ടായിരുന്നു. മഷി പടരാത്ത സത്യമുണ്ടായിരുന്നു. മനുഷ്യൻ മനുഷ്യനെ കാണാൻ പോലും പേടിച്ച കൊറോണ കാലത്തും, യുദ്ധഭൂമിയിൽ നീറുന്ന മനുഷ്യരുടെ വേദനയും, ദ്വീപിന്റെ വാർത്തയും നൊമ്പരവും, പ്രാദേശികവും അന്തർദേശീയവുമായ വാർത്തകളുമായെത്തിയ ഗൾഫ് മാധ്യമം വർത്തമാന ലോകത്തിന് എന്നും ഇരുട്ടിൽ തെളിയുന്ന ഒരു വെളിച്ചമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.