മനാമ: ഖത്തറിൽ നടന്ന 44ാമത് ജി.സി.സി ഉന്നതതല സമിതി യോഗത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പങ്കെടുത്തു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അതിഥിയായിരുന്നു. മേഖലയിലെ രാജ്യങ്ങളിൽ സമാധാനവും ശാന്തിയും സാധ്യമാക്കുന്നതിനും പരസ്പര സാഹോദര്യവും സ്നേഹവും ഊട്ടിയുറപ്പിക്കാൻ കഴിയണമെന്നും ഖത്തർ അമീർ പറഞ്ഞു.
അറബ്, മുസ്ലിം പ്രശ്നങ്ങളിൽ കൃത്യമായ കാഴ്ചപ്പാടോടെ മുന്നോട്ടു പോകുന്നത് സാധ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവിധ രാജ്യങ്ങളിൽനിന്നെത്തിയ രാഷ്ട്ര നേതാക്കളെ സ്വാഗതം ചെയ്ത അദ്ദേഹം ജി.സി.സി രാജ്യങ്ങളും തുർക്കിയയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. വ്യാപാര മേഖലയിൽ കൂടുതൽ ഇടപാടുകൾ ഭാവിയിലുണ്ടാകുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ജി.സി.സിയും തുർക്കിയയും തമ്മിലുള്ള വ്യാപാര ഇടപാടിൽ 13 ഇരട്ടി വർധനയാണുണ്ടായിട്ടുള്ളത്. ഗസ്സയിലെ നിലവിലുള്ള അവസ്ഥ ചർച്ച ചെയ്യുകയും വെടിനിർത്തലിനും ഫലസ്തീനിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുമുള്ള പോംവഴികളെ കുറിച്ചും ചർച്ചകൾ നടന്നു. ഗസ്സയിൽ ആക്രമണം തുടരുന്നത് മേഖലയിൽ യുദ്ധവ്യാപനത്തിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് ഉർദുഗാൻ വ്യക്തമാക്കി. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബദ്യവിയും സംസാരിച്ചു. 44ാമത് ജി.സി.സി ഉന്നതാധികാര സമിതിയുടെ പ്രമേയങ്ങൾ യോഗാനന്തരം ഖത്തർ അമീർ വിശദീകരിക്കുകയും ചെയ്തു.
ഹമദ് രാജാവ് ബഹ്റൈനിൽ മടങ്ങിയെത്തി
മനാമ: ഖത്തറിൽ നടന്ന 44ാമത് ജി.സി.സി ഉന്നതാധികാര സമിതി യോഗത്തിന് ശേഷം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബഹ്റൈനിൽ തിരിച്ചെത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ ഹമദ് രാജാവിനെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.