മനാമ: നാട്ടിൽനിന്ന് ബഹ്റൈനിലേക്ക് തിരിച്ചെത്തിയ പ്രവാസി വിസ റദ്ദായതിനാൽ വിമാനത്താവളത്തിൽ കുടുങ്ങി. മുഹറഖിൽ കോൾഡ് സ്റ്റോറിൽ ജോലി ചെയ്യുന്ന 66കാരനായ കോഴിക്കോട് സ്വദേശിയാണ് ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽ കുടുങ്ങിയത്.
ബുധനാഴ്ച ഉച്ചക്കാണ് കോഴിക്കോടുനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഇദ്ദേഹം ബഹ്റൈനിൽ എത്തിയത്. ഒക്ടോബർ 16 വരെ ഇദ്ദേഹത്തിന് വിസയുടെ കാലാവധിയുണ്ട്. വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് അദ്ദേഹത്തിെൻറ സ്പോൺസറുടെ സി.ആർ റദ്ദായെന്ന് കണ്ടെത്തിയത്. സി.ആർ റദ്ദായ വിവരം സ്പോൺസർ ഇദ്ദേഹത്തെ അറിയിച്ചതുമില്ല. വിസ റദ്ദായതിനാൽ ഇദ്ദേഹത്തിന് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ അനുമതി ലഭിച്ചില്ല.
220 ദീനാർ നൽകിയാണ് ഇദ്ദേഹം വിമാന ടിക്കറ്റ് എടുത്തത്. വിസ കാലാവധി തീരുന്നതിന് മുമ്പ് ബഹ്റൈനിൽ എത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഉയർന്ന തുക നൽകി ടിക്കറ്റ് എടുത്ത് വന്നത്.
വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ കോവിഡ് ടെസ്റ്റിന് 60 ദീനാർ അടക്കുകയും ചെയ്തു. വിസ റദ്ദായതിന് പുറമെ, ഇൗ തുകയും നഷ്ടമായതിെൻറ സങ്കടത്തിലാണ് അദ്ദേഹം. വ്യാഴാഴ്ച വൈകീട്ടുള്ള എമിറേറ്റ്സ് വിമാനത്തിൽ ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചുപോകും.
മനാമ: ബഹ്റൈനിൽ എത്തിയശേഷം വിസ റദ്ദായെന്നറിഞ്ഞ് തിരിച്ചുപോകേണ്ടിവന്ന സംഭവങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസം വിമാനത്താവളത്തിൽതന്നെ കഴിച്ചുകൂട്ടിയാണ് ഇവർക്ക് തിരിച്ചുപോകാൻ കഴിയുന്നത്. കഴിഞ്ഞയാഴ്ചയും സമാന സംഭവമുണ്ടായി.
സാധാരണ തൊഴിലാളികളാണ് അധികവും ഇത്തരത്തിൽ കുടുങ്ങിപ്പോകുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിെൻറ സി.ആറിൽ അല്ലാതെ മറ്റ് സി.ആറുകളിൽ എടുത്ത വിസകളിൽ ജോലി ചെയ്യുന്നവർക്ക് വിസ റദ്ദായാലും കൃത്യസമയത്ത് അറിയണമെന്നില്ല. ഇതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്.
നാട്ടിൽനിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ വിസയുടെ പ്രാബല്യം ഉറപ്പുവരുത്തുകയാണ് ഇതിന് പോംവഴിയെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. എൽ.എം.ആർ.എ വെബ്സൈറ്റിൽനിന്ന് വിസ കാലാവധി സംബന്ധിച്ച വിവരങ്ങൾ അറിയാനാകും. വിസ കാലാവധി ഉറപ്പുവരുത്തി യാത്ര പുറപ്പെട്ടാൽ തുടർന്നുണ്ടായേക്കാവുന്ന പ്രയാസങ്ങളും ധനനഷ്ടവും ഒഴിവാക്കാനാകും..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.