മനാമ: രാജ്യത്തെ വ്യാപാര രംഗവും തൊഴിൽ മേഖലയും ശുദ്ധീകരിക്കുന്നതിന് രണ്ടും കൽപിച്ച് അധികൃതർ. വിലക്കയറ്റവും പൂഴ്ത്തിവെപ്പും ചൂഷണവും തടയാൻ വ്യവസായ, വാണിജ്യ മന്ത്രാലയവും അനധികൃതമായി ജോലി ചെയ്യുന്നവർക്കെതിരെ നടപടി എടുക്കാൻ എൽ.എം.ആർ.എയും ഊർജിത പരിശോധനകളാണ് രാജ്യമെങ്ങും നടത്തിവരുന്നത്. വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഇൻസ്പെക്ഷൻ ഡിപ്പാർട്മെന്റ് കഴിഞ്ഞ ദിവസവും നിരവധി കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
കോൾഡ് സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റുകളിലും കയറിയിറങ്ങിയ പരിശോധകർ ഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തി. അവശ്യവസ്തുക്കൾ ആവശ്യത്തിന് സ്റ്റോക്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കച്ചവട സ്ഥാപനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇൻസ്പെക്ഷൻ ഡിപ്പാർട്മെന്റിന്റെ 80008001 എന്ന ഹോട്ട് ലൈൻ നമ്പറിലോ 17111225 എന്ന വാട്സ്ആപ് നമ്പറിലോ inspection@moic .gov.bh എന്ന ഇ-മെയിൽ വിലാസത്തിലോ പരാതി നൽകാവുന്നതാണ്. ‘തവാസുൽ’ പരാതി പരിഹാര സംവിധാനം വഴിയും അധികൃതരെ വിവരം അറിയിക്കാം.
അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി മുഹറഖ് ഗവർണറേറ്റ് പരിധിയിലാണ് എൽ.എം.ആർ.എ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ), മുഹറഖ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ നിയമവിരുദ്ധമായി ജോലി ചെയ്ത ഏതാനും പേരെ പിടികൂടുകയും ചെയ്തു.
ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിരിക്കുകയാണ്. വിവിധ സർക്കാർ ഏജൻസികളുമായി ചേർന്ന് വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എൽ.എം.ആർ.എ അധികൃതർ വ്യക്തമാക്കി. അനധികൃതമായി ജോലി ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ 17506055 എന്ന ഹോട്ട് ലൈൻ നമ്പറിലോ www.lmra.bh എന്ന വെബ്സൈറ്റിൽ ഇലക്ട്രോണിക് ഫോറം പൂരിപ്പിച്ചോ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.