മനാമ: ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാരുടെ വിവിധ പരാതികൾ കേൾക്കാനും പരിഹാരം കാണാനും ഇന്ത്യൻ എംബസി നടത്തിയ വെർച്വൽ ഒാപൺ ഹൗസിൽ സജീവ പങ്കാളിത്തം. പ്രവാസികളുടെ തൊഴിൽ, കോൺസുലാർ പരാതികൾ ഒാപൺ ഹൗസിൽ എത്തി. ചില പരാതികളിൽ ഉടൻതന്നെ തീരുമാനമുണ്ടായി. കൂടുതൽ രേഖകളും വിശദാംശങ്ങളും ആവശ്യമായ പരാതികൾ തുടർനടപടികൾക്കായി മാറ്റിവെച്ചു. കഴിയുന്നത്ര വേഗത്തിൽ ഇൗ പരാതികളിൽ പരിഹാരമുണ്ടാക്കുമെന്ന് അംബസാഡർ പിയൂഷ് ശ്രീവാസ്തവ അറിയിച്ചു.
കോവിഡ് കാലത്ത് ഇന്ത്യൻ സമൂഹം നേരിട്ട പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ബഹ്റൈൻ ഭരണാധികാരികൾ നൽകിയ സഹകരണത്തെ അംബാസഡർ അഭിനന്ദിച്ചു. ബഹ്റൈൻ സർക്കാർ നിർദേശിക്കുന്ന മുൻകരുതൽ നടപടികൾ കൃത്യമായി പാലിക്കാനും കോവിഡ് വാക്സിൻ സ്വീകരിക്കാനും അദ്ദേഹം ഇന്ത്യൻ സമൂഹത്തെ ആഹ്വാനം ചെയ്തു.
കോവിഡ് നേരിടാനുള്ള ആഗോള പോരാട്ടത്തിൽ ഇന്ത്യയുടെ സംഭാവനകൾ അദ്ദേഹം വിവരിച്ചു. ഇതിനകം, 25ലധികം രാജ്യങ്ങൾക്ക് 25 മില്യൺ 'മെയ്ഡ് ഇൻ ഇന്ത്യ' കോവിഡ് വാക്സിൻ ഇന്ത്യ നൽകിക്കഴിഞ്ഞു. കൂടുതൽ വാക്സിൻ നൽകാനുള്ള ഒരുക്കത്തിലുമാണ്.
ഇന്ത്യയിൽനിന്ന് വാക്സിൻ സ്വീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ. പുതിയ കോവിഡ് നിയന്ത്രണങ്ങൾ, യാത്രാസംബന്ധമായ അറിയിപ്പുകൾ എന്നിവക്ക് എംബസിയുടെ വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും സ്ഥിരമായി സന്ദർശിക്കണമെന്നും അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.