ഈ ആഴ്ചയിൽ മാത്രം ബഹ്റൈൻ പ്രവാസികൾക്കിടയിൽ നിരവധി മരണങ്ങളാണുണ്ടായത്. ഇതു വളരെ ആശങ്കയാണ് പ്രവാസികൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.
ഇതിലധികവും ഹൃദയാഘാതമാണ് എന്നത് കൂടുതൽ പരിഭ്രാന്തിയും ആത്മസംഘർഷവും സൃഷ്ടിക്കുന്നതാണ്. പ്രവാസ ജീവിതത്തിൽ എവിടെയാണ് ജീവിതരീതിയിൽ പിഴവ് സംഭവിക്കുന്നത്? കഴിക്കുന്ന ഭക്ഷണമാണോ അതല്ലെങ്കിൽ സമയം തെറ്റിയുള്ള ഭക്ഷണക്രമമാണോ ജോലിയുടെ അമിതമായ ആത്മസംഘർഷമാണോ കുടുംബത്തെ പിരിഞ്ഞുള്ള പ്രയാസമാണോ സാമ്പത്തിക പ്രശ്നങ്ങളാണോ എന്നൊക്കെ വിശകലനം ചെയ്യേണ്ടതുണ്ട്.
ഇവിടെ പ്രവാസത്തിൽ മരണപ്പെട്ടവരുടെ ജോലിയും അവരുടെ ഒഴിവു സമയവും എല്ലാം പരിശോധിച്ചാൽ കൂടുതൽ പേർക്കും എട്ടു മണിക്കൂർ ജോലി മാത്രമാണ് എന്ന് കാണാൻ കഴിയും. ഒഴിവുസമയം കേവലം ഫോണിനു മുന്നിലേക്ക് ചുരുങ്ങുന്നു. ജീവിതശൈലീ രോഗങ്ങളിലേക്കാണ് ഇത് നയിക്കുന്നത്. ദിവസവും കേവലം അരമണിക്കൂർ വ്യായാമത്തിന് മാറ്റിവെച്ച് ശരീരത്തെ ഊർജസ്വലമാക്കാൻ ശ്രമിച്ചില്ലെങ്കിൽ അപകടത്തിലേക്കായിരിക്കും നീങ്ങുക.
മറ്റുള്ളവരുടെ മരണം മാനസികമായി വേദനിപ്പിക്കുമ്പോൾ മാത്രമാണ് നമ്മുടെ ശരീരത്തെ കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ, ഈ ചിന്തക്ക് അൽപായുസ്സായിരിക്കും. ജീവിതശൈലിയിൽ മാറ്റം വരുത്താനും കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരാനും നാം ഓരോരുത്തരും മുന്നോട്ടുവരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.