മനാമ: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ജോലി അവസാനിപ്പിക്കുകയാണെങ്കിൽ അവരുടെ ഇൻഡമ്നിറ്റി ആനുകൂല്യം ഉടൻതന്നെ ബാങ്ക് അക്കൗണ്ടിൽ വരും. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. എൻഡ്-ഓഫ്-സർവിസ് ആനുകൂല്യത്തിനായുള്ള നടപടിക്രമങ്ങളും ലളിതമാക്കിയിട്ടുണ്ട്.
സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിലേക്ക് (എസ്.ഐ.ഒ) തൊഴിലുടമകൾ ഇപ്പോൾ പ്രതിമാസ വിഹിതം നൽകേണ്ടതുണ്ട്. ഈ തുക, തൊഴിൽ നിർത്തി പോകുന്ന വിദേശ തൊഴിലാളികൾക്ക് ഉടൻ തന്നെ അക്കൗണ്ടിൽ പുതിയ സംവിധാനം വഴി ലഭ്യമാകും.
ഇതിനായി കാലതാമസം ഉണ്ടാകില്ലെന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രയോജനകരമാണ്. ജോലി അവസാനിപ്പിച്ചശേഷം ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (LMRA) രജിസ്റ്റർ ചെയ്താൽ തൊഴിലാളികൾക്ക് എസ്.ഐ.ഒയുടെ ഇ-സർവിസുകളിലൂടെ (www.sio.gov.bh) ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ കഴിയും.
സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ മുഖേനയുള്ള പേമെന്റുകൾ കേന്ദ്രീകൃതമാക്കുന്നതിലൂടെ സുതാര്യത ഉറപ്പുവരുത്തപ്പെടുകയാണ്. പ്രവാസി തൊഴിലാളികളൂടെ അവകാശങ്ങൾ സുരക്ഷിതമാക്കാൻ ഈ നിർദേശം സഹായകമാകും.
1. എസ്.ഐ.ഒ വെബ്സൈറ്റിലെ ‘ഇ-സർവിസസ്’ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക
2. അഡ്വാൻസ്ഡ് ഇ-കീ ലോഗിൻ ഉപയോഗിച്ച് ഓതന്റിക്കേഷൻ നൽകുക.
3. അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ട് നമ്പർ (IBAN) പരിശോധിക്കുകയും അതു തന്റേതുതന്നെയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. തെറ്റുണ്ടെങ്കിൽ തിരുത്താം. പി.ഡി.എഫ് ഫോർമാറ്റിൽ IBAN അക്കൗണ്ട് വിശദാംശങ്ങൾ അറ്റാച്ചുചെയ്യാം.
4. ബനഫിറ്റ് ആപ്ലിക്കേഷൻ 'നോൺ-ബഹ്റൈൻ ഇ.ഒ.എസ് അലവൻസ്' വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കുക. നടപടിക്രമങ്ങൾ ലളിതമായി വെബ്സൈറ്റിൽ (www.sio.gov.bh) വിശദീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.