മനാമ: ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ.ജേക്കബും എംബസിയുടെ കോണ്‍സുലാര്‍ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ 50ലധികം ഇന്ത്യന്‍ പൗരന്മാര് പങ്കെടുത്തു.
പൊതുമരാമത്ത് മന്ത്രാലയത്തിന്റെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെയും സഹകരണത്തോടെ ആഗസ്റ്റ് രണ്ടിന് എംബസി പരിസരത്ത് നടക്കാനിരിക്കുന്ന റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിനിനെക്കുറിച്ച് അംബാസഡർ വിശദീകരിച്ചു. ഡ്രൈവർമാർ/മോട്ടോർ സൈക്കിൾ യാത്രക്കാർ അടക്കമുള്ള കമ്യൂണിറ്റി അംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
സെക്കൻഡ് സെക്രട്ടറി, എംബസി വെൽഫെയർ ഉദ്യോഗസ്ഥർ എന്നിവർ തടവുകാരുമായി സംവദിക്കാനായി ജയിൽ സന്ദർശിച്ചു. ഇസ ടൗണിലെ വനിതാ ഡിറ്റൻഷൻ സെന്ററും എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു. ജയിലിലുള്ള തടവുകാർക്ക് 15 സപ്പോർട്ട് കിറ്റുകൾ വിതരണം ചെയ്തു.
മനാമ തീപിടിത്തത്തിൽ ദുരിതമനുഭവിക്കുന്ന ആറ് പേർക്ക് എംബസി വിമാന ടിക്കറ്റ് നൽകി. ബഹ്റൈനിൽനിന്ന് ഭർത്താവിനെ ഡീപോർട്ട് ചെയ്തതിനെതുടർന്ന് ഒറ്റപ്പെട്ടുപോയ സ്ത്രീക്കും രണ്ട് കുട്ടികൾക്കും എംബസി വിമാന ടിക്കറ്റുകൾ നൽകി. ഓപണ്‍ ഹൗസില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച പരാതികളും പ്രശ്നങ്ങളും ഭൂരിഭാഗവും പരിഹരിക്കപ്പെട്ടു. മറ്റുള്ളവ എത്രയും വേഗം ഏറ്റെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.