മനാമ: ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ മുപ്പതിലധികം ഇന്ത്യന്‍ പൗരന്മാര് പങ്കെടുത്തു.
എല്ലാ കമ്യൂണിറ്റി അംഗങ്ങൾക്കും അംബാസഡർ ‘ഈദ് അൽ-അദ്ഹ’ ആശംസകൾ നേർന്നു. എൽ.എം.ആർ.എ സംഘടിപ്പിച്ച മജ്ലിസ് സെഷനെക്കുറിച്ച് അംബാസഡർ വിശദീകരിച്ചു. ബഹ്റൈനിലെ തൊഴിലുടമകളുടെയും പ്രവാസി തൊഴിലാളികളുടെയും അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്തുന്നതിനാണ് ഈ സംരംഭം ശ്രമിക്കുന്നത്. മനാമയിൽ അടുത്തിടെയുണ്ടായ തീപിടിത്തം അംബാസഡർ അനുസ്മരിച്ചു.
താപനില വർധിക്കുന്നതിനാൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഡിഫൻസിന്റെ നിർദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം കമ്യൂണിറ്റി അംഗങ്ങളോട് നിർദേശിച്ചു. ഓപണ്‍ ഹൗസില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച പരാതികളും പ്രശ്നങ്ങളും ഭൂരിഭാഗവും പരിഹരിക്കപ്പെട്ടു. മറ്റുള്ളവ എത്രയും വേഗം ഏറ്റെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.