മനാമ: ബഹ്റൈനിലെ ഇന്ത്യൻ നിക്ഷേപം 200 ദശലക്ഷം യു.എസ് ഡോളറായി വർധിച്ചു. 2023 ആദ്യ പാദത്തിനും 2024 ആദ്യപാദത്തിനുമിടയിലുള്ള ഒരുവർഷക്കാലയളവിലാണ് ഈ കണക്ക്. 15 ശതമാനം വർധനവാണുണ്ടായതെന്നും ഇന്ത്യൻ അംബാസഡർ വിനോദ് കെ.ജേക്കബ് പറഞ്ഞു.
ബഹ്റൈനിലെ തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്യൂണിറ്റി (ടി.എച്ച്.എം.സി) സംഘടിപ്പിച്ച ടി.എച്ച്.എം.സി കണക്ട് പരിപാടിയുടെ നാലാമത് എഡിഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019 ആഗസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്റൈൻ സന്ദർശിച്ചശേഷം ഉഭയകക്ഷി വ്യാപാരത്തിൽ ആരോഗ്യകരമായ വളർച്ചയുണ്ട്.
ഇന്ത്യൻ ഗവൺമെന്റിന്റെ വ്യാപാര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2023 ഏപ്രിലിനും 2024 മാർച്ചിനുമിടയിൽ ഇന്ത്യ-ബഹ്റൈൻ വ്യാപാരത്തിന്റെ അളവ് 1.73 ബില്യൺ യു.എസ് ഡോളറിലെത്തിയതായും അംബാസഡർ ജേക്കബ് ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര അന്തരം 80 ദശലക്ഷം യു.എസ് ഡോളറായി കുറഞ്ഞിട്ടുമുണ്ട്.
ഇന്ത്യ-ബഹ്റൈൻ സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ടി.എച്ച്.എം.സിയുടെ സംഭാവനകളെ അംബാസഡർ അഭിനന്ദിച്ചു. ബഹ്റൈന്റെ സാമ്പത്തികരംഗത്ത് വലിയ സംഭാവനകൾ ടി.എച്ച്.എം.സിയും, പ്രസിഡന്റ് എന്ന നിലയിൽ മുകേഷ് കവലാനിയും നൽകുന്നു. ഇന്ത്യ-ബഹ്റൈൻ സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുകയാണെന്നും അംബാസഡർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.