മനാമ: ഗൾഫിലെ 68 വർഷം പഴക്കമുള്ള പ്രവാസി വനിത സംഘടനയായ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ), സിഞ്ചിൽ വിശാലമായ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനകേന്ദ്രം മാറ്റുന്നു. ഡൗൺ സിൻഡ്രോം, സെറിബ്രൽ പാൾസി, ശാരീരിക വൈകല്യങ്ങൾ എന്നിവയുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ‘സ്നേഹ’യുടെ കേന്ദ്രവും പുതിയ കെട്ടിടമായിരിക്കുമെന്ന് ഐ.എൽ.എ പ്രസിഡന്റ് ശാരദ അജിത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
1987 ഡിസംബറിൽ പ്രത്യേക ശ്രദ്ധ ആവശ്യങ്ങളുള്ള കുട്ടികൾക്കായി ആരംഭിച്ച ‘സ്നേഹ’ പദ്ധതി ഇന്ന് ഏറെ വളർന്നു. അഞ്ച് മുതൽ 13 വയസ്സ് വരെ പ്രായമുള്ള വിവിധ രാജ്യങ്ങളിലെ പൗരന്മാരായ 17 കുട്ടികൾക്ക് സ്നേഹയുടെ സേവനം ലഭിക്കുന്നുണ്ട്. കേന്ദ്രത്തിൽ 20 കുട്ടികളെ പ്രവേശിപ്പിക്കാൻ സാമൂഹിക വികസന മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. സ്നേഹയും ഐ.എൽ.എയും പുതിയ വിശാലമായ സ്ഥലത്തേക്ക് മാറുന്നത് പ്രവർത്തനം വിപുലീകരിക്കാൻ സഹായകമാണ്.
സ്നേഹയുടെയും ഐ.എൽ.എയുടെയും പ്രവർത്തനങ്ങൾക്ക് ഉദാരമതികളുടെ സഹായം ആവശ്യമാണെന്നും ശാരദ അജിത്ത് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10 മുതൽ രാത്രി 10 വരെ, സെഗയ്യയിലെ ബഹ്റൈൻ കേരളീയ സമാജത്തിൽ ‘ആനന്ദ് ബസാർ’എന്ന പേരിൽ കരകൗശല മേള സംഘടിപ്പിക്കും.
ഇന്ത്യൻ കരകൗശലവസ്തുക്കൾ, ഭക്ഷ്യവിഭവങ്ങൾ എന്നിവയും കഥകും ആസ്വദിക്കാനുള്ള അവസരം മേളയിലുണ്ടാകും. തൊഴിലാളികൾക്ക് വേണ്ടിയുള്ള ഇംഗ്ലീഷ് ഭാഷ ക്ലാസുകൾ, പ്രാദേശിക ചാരിറ്റികൾക്കായുള്ള ഔട്ട്റീച്ച് പ്രോഗ്രാമുകൾ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളും സംഘടന നടത്തുന്നുണ്ട്.
ആനന്ദ് ബസാറിൽനിന്നുള്ള വരുമാനം ഈ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. ഐ.എൽ.എ സ്ഥാപക ലീലാ ജഷൻമാലിന്റെ സ്മരണാർഥം മിസൈൽ വുമൺ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഡോ. ടെസ്സി തോമസിന്റെ പ്രഭാഷണം സംഘടിപ്പിക്കും. ജൂലൈയിൽ നടക്കുന്ന പ്രഭാഷണ പരിപാടിയിലേക്ക് ബഹ്റൈനിലുള്ള എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാമെന്ന് ഐ.എൽ.എ ജനറൽ സെക്രട്ടറി ഡോ. തേജേന്ദർ കൗർ സർന പറഞ്ഞു. സംഘടനയുടെ സംരംഭങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് 36611041 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.