ആരോപണങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ സ്കൂൾ അധികൃതർ

മനാമ: ഇന്ത്യൻ സ്കൂളിനെതിരെയും മെഗാ ഫെയർ നടത്തിപ്പുമായി ബന്ധപ്പെട്ടും ഒരുവിഭാഗം നടത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ സ്കൂൾ അധികൃതർ. മെഗാ ഫെയറിനെക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിലാണ് സ്കൂൾ ചെയർമാനും മറ്റ് ഭാരവാഹികളും ആരോപണങ്ങൾക്ക് വിശദീകരണം നൽകിയത്.

ആരോപണം 1: കാലാവധി കഴിഞ്ഞിട്ടും സ്കൂൾ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താൻ തയാറാകുന്നില്ല

മറുപടി: കോവിഡ് മഹാമാരിയുടെ സവിശേഷ സാഹചര്യത്തിലാണ് ഇന്ത്യൻ സ്കൂൾ ഭരണസമിതി കാലാവധി കഴിഞ്ഞശേഷവും തുടരുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയും ഇതിന് ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ മറുഭാഗം കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. രണ്ട് കോടതി വിധികളുടെ അടിസ്ഥാനത്തിൽ 2023 ഡിസംബർവരെ ഭരണത്തിൽ തുടരാൻ അവകാശമുണ്ട്.

എങ്കിലും, സ്കൂൾ പ്രവർത്തനം നൂറ് ശതമാനവും ഓഫ്ലൈനിലാക്കാൻ അനുമതിനൽകിയ സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് നടത്താൻ അനുമതിതേടി വീണ്ടും വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. അതിന് മറുപടി ലഭിക്കുന്നമുറക്ക് തുടർനടപടി സ്വീകരിക്കുന്നതാണ്.

ആരോപണം 2: രക്ഷിതാക്കളല്ലാത്തവരാണ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഭൂരിഭാഗവും. ഇത് നിയമവിരുദ്ധമാണ്

മറുപടി: ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നസമയത്ത് രക്ഷിതാവായിരിക്കണമെന്നാണ് സ്കൂൾ ഭരണഘടനയിൽ വ്യവസ്ഥചെയ്തിരിക്കുന്നത്. ഇടക്കുവെച്ച് രക്ഷിതാവല്ലാതായാൽ എന്ത് ചെയ്യണമെന്ന് വ്യവസ്ഥചെയ്തിട്ടില്ല. അംഗങ്ങൾ ഭരണസമിതിയുടെ കാലയളവ് മുഴുവൻ രക്ഷിതാക്കളായിരിക്കുമെന്ന് ഉറപ്പുവരുത്തിയാണ് ഇപ്പോഴത്തെ കമ്മിറ്റി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. തുടർന്നുള്ള മൂന്ന് വർഷവും രക്ഷിതാക്കളായവർ മാത്രമാണ് ഭരണസമിതിയിൽ ഉണ്ടായിരുന്നത്. എന്നാൽ, കോവിഡ് മഹാമാരി കാരണം തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കാതെവന്ന അത്യപൂർവ സാഹചര്യമാണ് പിന്നീടുണ്ടായത്. രക്ഷിതാക്കളല്ലാതായവർ ഭരണസമിതിയിൽ തുടരേണ്ടിവന്നതും അതുകൊണ്ടാണ്.

ആരോപണം 3: ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിനുവേണ്ടി രണ്ട് തരത്തിലുള്ള ടിക്കറ്റുകൾ വിൽപന നടത്തി

മറുപടി: ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി നേടി, അതുപ്രകാരമുള്ള നമ്പർ രേഖപ്പെടുത്തിയ ടിക്കറ്റ് മാത്രമാണ് ഇന്ത്യൻ സ്കൂൾ വിൽപന നടത്തിയിട്ടുള്ളത്. രണ്ട് തരത്തിലുള്ള ടിക്കറ്റ് വിൽപന നടത്തിയിട്ടില്ല. ചില ആളുകൾ മറ്റൊരു ടിക്കറ്റിന്റെ വെർച്വൽ കോപ്പി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് രണ്ട് തരത്തിലുള്ള ടിക്കറ്റുണ്ടെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്.

രണ്ട് തരത്തിൽ പ്രിന്റ് ചെയ്ത ടിക്കറ്റ് കാണിക്കാൻ ഇതുവരെ ആരും തയാറായിട്ടില്ല. വ്യാജ ടിക്കറ്റ് ആരെങ്കിലും പുറത്തിറക്കിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു.

Tags:    
News Summary - indian school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.