മനാമ: ഇന്ത്യൻ സ്കൂൾ 2023-2026 വർഷത്തേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അധികാരമേറ്റു. ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി രാജപാണ്ഡ്യൻ വരദപിള്ള, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മിഥുൻ മോഹൻ, ബോണി ജോസഫ്, ബിജു ജോർജ്, കണ്ടിന്യൂയിറ്റി അംഗം മുഹമ്മദ് നയാസ് ഉല്ല, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവരാണ് സ്ഥാനമേറ്റത്. ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തൊഴിൽ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി അഹമ്മദ് ജെ. അൽ ഹൈക്കി മുഖാതിഥിയായിരുന്നു.
സ്ഥാനമൊഴിയുന്ന സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ അധ്യക്ഷനായിരുന്നു. പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, ഭരണസമിതി അംഗങ്ങളായ ബിനു മണ്ണിൽ വർഗീസ്, പ്രേമലത എൻ.എസ്, രാജേഷ് എം.എൻ, മുഹമ്മദ് ഖുർഷിദ് ആലം, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി എന്നിവരെ മെമന്റോ നൽകി ആദരിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന മുൻ വൈസ് ചെയർമാൻ ജഅഫർ മൈദാനി, ഭരണസമിതി അംഗങ്ങളായ അജയകൃഷ്ണൻ വി. , സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ എന്നിവർക്കുവേണ്ടി മുൻ ചെയർമാൻ മെമന്റോ സ്വീകരിച്ചു.
പ്രോഗ്രസിവ് പേരന്റ്സ് അലയൻസ് (പി.പി.എ) രക്ഷാധികാരി മുഹമ്മദ് ഹുസൈൻ മാലിം, കൺവീനർ വിപിൻ പി.എം, മുൻ സ്കൂൾ ചെയർമാൻമാരായ പി.വി. രാധാകൃഷ്ണ പിള്ള, ഡോ. പി.വി. ചെറിയാൻ തുടങ്ങി ഒട്ടേറേ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി സ്വാഗതം പറഞ്ഞു.ഡിസംബർ 18ന് പുതിയ ഭരണസമിതിയും മുൻ ഭരണസമിതിയും സംയുക്ത യോഗം ചേർന്ന് പുതിയ ചെയർമാനെയും കണ്ടിന്യൂയിറ്റി അംഗത്തെയും തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി അറിയിച്ചു.
സ്ഥാനമൊഴിയുന്ന പ്രിൻസ് നടരാജൻ സ്കൂളിന് നൽകിയ മികച്ച പിന്തുണയിൽ ഏവർക്കും നന്ദി അറിയിച്ചു. സ്ഥാനമേൽക്കുന്ന ചെയർമാൻ ബിനു മണ്ണിലിന് പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യാതിഥി അഹമ്മദ് ജെ അൽ ഹൈക്കി ബാഡ്ജ് അണിയിച്ചു. തുടർന്ന് ബിനു മണ്ണിൽ മറ്റു ഭരണ സമിതി അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അക്കാദമിക മികവിന്റെ പുതിയ തലങ്ങളിലേക്ക് സ്കൂളിനെ നയിക്കുമെന്നും സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ ഉന്നമനവും സുതാര്യമായ സമ്പത്തിക ഇടപാടുകളും ഉറപ്പാക്കുമെന്നും ബിനു മണ്ണിൽ പറഞ്ഞു.ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറി സജി ആന്റണി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ആശംസകൾ അർപ്പിച്ചു. റിട്ടേണിങ് ഓഫിസർമാരായ അഡ്വ. വി. കെ. തോമസ്, മുഹമ്മദ് സലിം, അനീഷ്, അഴീക്കൽ ശ്രീധരൻ എന്നിവരെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. സ്കൂൾ സെക്രട്ടറി രാജപാണ്ഡ്യൻ വരദ പിള്ള നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.