മനാമ: ഇന്ത്യൻ സ്കൂളിൽ മലയാളദിനവും സംസ്കൃത ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലയാളം, സംസ്കൃതം വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം ബഹ്റൈനിലെ പ്രശസ്ത കഥാകാരി മായാ കിരൺ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ് പ്രതിനിധി ജോൺസൻ ദേവസ്സി, പ്രധാനാധ്യാപകർ, വകുപ്പു മേധാവികൾ, ഭാഷാധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
മലയാളഭാഷയുമായി ബന്ധപ്പെട്ട തന്റെ ബാല്യകാല അനുഭവങ്ങൾ മായാ കിരൺ കുട്ടികളുമായി പങ്കുവെച്ചു. മലയാളഭാഷാ പഠനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും സംസ്കൃതം പോലുള്ള സുഗമമായ ഭാഷ കുട്ടികൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും അവർ സംസാരിച്ചു. മലയാള വകുപ്പ് മേധാവി ബിസ്മി ജോമി പരിപാടി ഏകോപിപ്പിച്ചു. മിഡിൽ സെക്ഷനിലെയും സീനിയർ സെക്ഷനിലെയും വിദ്യാർഥികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. ആരോൺ വിജു സ്വാഗതം പറഞ്ഞു.
സംഘഗാനം, സെമി ക്ലാസിക്കൽ ഡാൻസ്, കവിത പാരായണം, സംഘനൃത്തം, സോളോ സോങ് തുടങ്ങിയ പരിപാടികൾ ചടങ്ങിന് നിറം പകർന്നു. ഇന്ത്യൻ സ്കൂൾ മലയാള, സംസ്കൃത വകുപ്പുകൾ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി. മീനാക്ഷി മധു ദീപ്തി നന്ദി പറഞ്ഞു. വിദ്യാർഥികളുടെ സമർപ്പിത പങ്കാളിത്തം, അധ്യാപകരുടെ ആത്മാർഥമായ പരിശ്രമം, മാനേജ്മെന്റിന്റെ അകമഴിഞ്ഞ പിന്തുണ എന്നിവ പരിപാടിയെ മികവുറ്റതാക്കി.
മലയാള, സംസ്കൃത വകുപ്പുകൾ മികവുറ്റ രീതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.