മനാമ: ഇന്ത്യൻ സ്കൂൾ കമ്യൂണിറ്റി ഫെസ്റ്റിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് മേളയുടെ ഫൈനലിൽ മഹാരാഷ്ട്ര എ ക്രിക്കറ്റ് ടീം കർണാടക എ ടീമിനെതിരെ ആറു റൺസിന്റെ വിജയം നേടി. ഇന്ത്യൻ സ്റ്റേറ്റ്സ് വിഭാഗം ഫൈനലിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന വെല്ലുവിളിയാണ് മഹാരാഷ്ട്ര ഉയർത്തിയത്.
മറുപടിയായി ആറു വിക്കറ്റ് നഷ്ടത്തിൽ 26 റൺസ് എടുക്കാനേ കർണാടകക്ക് സാധിച്ചുള്ളൂ. മഹാരാഷ്ട്രയുടെ നാതിക് അബ്ദുൽ റസാക്കാണ് കളിയിലെ താരം.ഓപൺ കാറ്റഗറി ഫൈനലിൽ, ഷഹീൻ ഗ്രൂപ് എ, റിഫ ഇന്ത്യൻ സ്റ്റാറിനെ മറികടന്ന് തങ്ങളുടെ മികവ് പ്രകടിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഷഹീൻ ഗ്രൂപ്, നിശ്ചിത ആറ് ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 40 റൺസ് നേടിയെടുത്തു. ലക്ഷ്യം തേടിയിറങ്ങിയ റിഫ ഇന്ത്യൻ സ്റ്റാറിന് ആറു വിക്കറ്റ് നഷ്ടത്തിൽ 24 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ഷഹീൻ ഗ്രൂപ്പിന്റെ ആസിഫ് മുംതാസാണ് കളിയിലെ താരം. ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ ക്രിക്കറ്റ്, ചെസ് ഫൈനൽ വിജയികളെ അനുമോദിച്ചു. ഇന്ത്യൻ എംബസി അറ്റാഷേ ചിത്തരഞ്ജൻ നായക് മുഖ്യാതിഥിയായിരുന്നു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജഅ്ഫർ മൈദാനി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, പ്രേമലത എൻ.എസ്, രാജേഷ് എം.എൻ, അജയകൃഷ്ണൻ വി, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, സാമൂഹിക പ്രവർത്തകരായ മുഹമ്മദ് ഹുസൈൻ മാലിം, വിപിൻ പി.എം, കെ. ജനാർദനൻ, സ്പോർട്സ് കൺവീനർ തൗഫീഖ്, വൈസ് പ്രിൻസിപ്പൽമാർ, സംഘാടക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് സ്കൂൾ കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് നടന്നത്. മഹത്തായ ഇന്ത്യാചരിത്രത്തെ അനുസ്മരിക്കാനും ഇന്ത്യയും ബഹ്റൈൻ തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കാനുമാണ് കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റിനെ അവിസ്മരണീയ അനുഭവമാക്കി മാറ്റുന്നതിൽ ഇന്ത്യൻ എംബസി നൽകിയ പിന്തുണക്ക് സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ഇ.സി അംഗം-സ്പോർട്സ് രാജേഷ് എം.എൻ എന്നിവർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.