മനാമ: ഇന്ത്യൻ സ്കൂളിന്റെ വാർഷിക സാംസ്കാരിക മേള ഡിസംബർ 19, 20 തീയതികളിൽ ഇസ ടൗണിലെ സ്കൂൾ കാമ്പസിൽ നടക്കും. സ്റ്റാർ വിഷന്റെ സഹകരണത്തോടെയാണ് മേള നടത്തുന്നത്.
പരിപാടിയുടെ ടിക്കറ്റ് ലോഞ്ച് ഡിസംബർ 12ന് വ്യാഴാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ യുവജനോത്സവ അവാർഡ് ദാന ചടങ്ങിൽ നടക്കും. മേളയുടെ പ്രധാന ലക്ഷ്യം വിദ്യാർഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും ഇന്ത്യയിൽ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങൾ ആസ്വദിക്കാനുമാണ്.
മേളയുടെ ആദ്യ ദിവസം നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ നയിക്കുന്ന സംഗീത പരിപാടിയും രണ്ടാം ദിവസം ഗായിക ട്വിങ്കിൾ ദിപൻ കറിന്റെ നേതൃത്വത്തിലുള്ള ഉത്തരേന്ത്യൻ സംഗീത നിശയും നടക്കും. വൈവിധ്യമാർന്ന പാചക വിഭവങ്ങളും വിവിധ ഗെയിമുകളും ലൈസൻസുള്ള ഭക്ഷണ സ്റ്റാളുകളും മേളയിൽ ഉണ്ടായിരിക്കും.
മേള വിജയമാക്കുന്നതിന് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പൊതുസമൂഹവും ഒത്തൊരുമയോടെ പ്രവർത്തിച്ചുവരുന്നു. ഏറ്റവും ഒടുവിൽ സ്കൂൾ മേള നടന്നത് 2022ലായിരുന്നു. രണ്ടു ദിനാർ പ്രവേശന ഫീസോടെ നടക്കുന്ന മേളയിൽ കുടുംബങ്ങൾക്ക് ഒരുമിച്ച് ആസ്വദിക്കാവുന്ന സാംസ്കാരിക പരിപാടികളുടെ വിപുലമായ ശ്രേണി ഉൾപ്പെടും.
കലാപ്രദർശനങ്ങൾ, ഭക്ഷ്യമേളകൾ തുടങ്ങി പ്രദർശനങ്ങളും മേളയിൽ ഉണ്ടാകും. സ്കൂൾ മേളയിൽ നിന്ന് ലഭിക്കുന്ന തുക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പിന്തുണ നൽകുന്നതിനും ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും സ്കൂളിന്റെ വിഭവശേഷി വർധിപ്പിക്കുന്നതിനും വിനിയോഗിക്കുമെന്ന് ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. സ്കൂൾ ഫെയറിനു ഏവരുടെയും പിന്തുണയും സഹകരണവും നൽകണമെന്ന് സ്കൂൾ ചെയർമാൻ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.