മനാമ: ഇന്ത്യൻ സ്കൂൾ മിഡിൽ സെക്ഷൻ കഴിഞ്ഞ അധ്യയനവർഷത്തിൽ അക്കാദമിക മികവ് പുലർത്തിയ വിദ്യാർഥികളെ ആദരിച്ചു. ഇസ ടൗൺ കാമ്പസിൽ നടന്ന വർണശബളമായ പരിപാടിയിൽ മികച്ച അക്കാദമിക പ്രകടനം കാഴ്ചവെച്ച ആറുമുതൽ എട്ടുവരെ ക്ലാസുകളിലെ 350 ഓളം വിദ്യാർഥികൾക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്. വിദ്യാഭ്യാസ വകുപ്പിലെ റിസ്ക് അസസ്മെന്റ് ആൻഡ് ലീഗൽ അഫയേഴ്സ് ഡയറക്ടർ റീം അബോധ് അൽ സനേയി മുഖ്യാതിഥിയായിരുന്നു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ്, മിഥുൻ മോഹൻ, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിഭാഗം പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ അവാർഡ് ജേതാക്കളായ വിദ്യാർഥികളുടെ അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും അനുമോദിച്ചു. പുതുതായി ഏർപ്പെടുത്തിയ ഓൺലൈൻ ഫീസ് പേയ്മെന്റ് സംവിധാനത്തെ രക്ഷിതാക്കൾ പൂർണഹൃദയത്തോടെ സ്വാഗതം ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യാതിഥിക്ക് അഡ്വ. ബിനു മണ്ണിൽ മൊമന്റോ സമ്മാനിച്ചു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി സ്വാഗതം പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയപരിപാടി വിദ്യാർഥികളെ കൂടുതൽ സർഗാത്മകതയുള്ളവരാക്കാൻ ഉതകുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദി രേഖപ്പെടുത്തി. സംഘഗാനം, ഇൻവോക്കേഷൻ നൃത്തം, അറബിക് നൃത്തം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ചടങ്ങിന് കൂടുതൽ നിറമേകി.
നേരത്തേ ദേശീയ ഗാനത്തോടും വിശുദ്ധ ഖുർആനിലെ സൂക്തങ്ങളോടുംകൂടി ചടങ്ങുകൾ ആരംഭിച്ചു. സ്കൂൾ ഗായകസംഘം പ്രാർഥന ആലപിച്ചു. കുട്ടികൾക്കുള്ള അവാർഡുകൾ മുഖ്യാതിഥിയും സ്കൂൾ അധികൃതരും ചേർന്ന് സമ്മാനിച്ചു. സൈനബ് അലിയും യെദു നന്ദനും അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.