മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐ.എസ്.ബി) ജൂനിയർ വിങ് ബഹ്റൈന്റെ ദേശീയ ദിനം ഹൃദയസ്പർശിയായ ആദരവോടെ ആഘോഷിച്ചു. ഏകദേശം 4000 വിദ്യാർഥികളും 200 സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത പരിപാടി ഐക്യത്തിന്റെയും അഭിമാനത്തിന്റെയും സാംസ്കാരിക തനിമയുടെയും ഊർജസ്വലമായ പ്രദർശനമായിരുന്നു. വിദ്യാർഥികൾ ‘അറേബ്യൻ ഓറിക്സ്’ കാമ്പസ് ഗ്രൗണ്ടിൽ ദൃശ്യചാരുതയോടെ തീർത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.
ബഹ്റൈൻ പതാകയുടെ നിറങ്ങളിൽ വസ്ത്രം ധരിച്ച കുരുന്നുകൾ രാജ്യത്തോടുള്ള തങ്ങളുടെ ബഹുമാനത്തെ പ്രതീകപ്പെടുത്തുന്ന അതിശയകരമായ ഒരു കാഴ്ച പൊലിമ സൃഷ്ടിച്ചു. ദേശീയ ഗാനാലാപനത്തോടെയും തുടർന്ന് വിശുദ്ധ ഖുർആൻ പാരായണത്തോടെയും പരിപാടി ആരംഭിച്ചു.
സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറി ആൻഡ് മെംബർ- അക്കാദമിക്സ് രഞ്ജിനി മോഹൻ, ഇ.സി അംഗം ബിജു ജോർജ്, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, മറ്റ് അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ബഹ്റൈന്റെ 53ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രതീകാത്മകമായി 53 ചുവപ്പും വെള്ളയും ബലൂണുകൾ വാനിലുയർന്നു.
പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. 1, 2, 3 ക്ലാസുകളിലെ വിദ്യാർഥികൾ പരമ്പരാഗത നൃത്തങ്ങൾ അവതരിപ്പിച്ചു. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ മനോഹരമായ പ്രതിഫലനമായിരുന്നു ഈ പ്രകടനങ്ങൾ. കാമ്പസ് തോരണങ്ങൾ, വിളക്കുകൾ എന്നിവയാൽ അലങ്കരിച്ചിരുന്നു. തദവസരത്തിൽ ബഹ്റൈൻ വനിത ദിനത്തിന്റെ സ്മരണക്കായി വനിത ജീവനക്കാരെ സ്കൂൾ ആദരിച്ചു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ആഘോഷത്തിൽ പങ്കെടുത്ത വിദ്യാർഥികളെയും പരിപാടി മികച്ച നിലയിൽ സംഘടിപ്പിച്ച അധ്യാപികമാരെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.