മനാമ: ഹോട്ടലിൽ പരിചാരക ജോലി വാഗ്ദാനം ചെയ്ത് ബഹ്റൈനിലെത്തിച്ചശേഷം നൈറ്റ് ക്ലബിൽ അനാശാസ്യത്തിന് നിയോഗിച്ചതായി യുവതിയുടെ പരാതിയിൽ രണ്ട് ഇന്ത്യക്കാർക്ക് കനത്ത ശിക്ഷ. മൂന്ന് വർഷം തടവും ഓരോരുത്തർക്കും 2000 ദീനാർ പിഴയുമാണ് കോടതി വിധിച്ചത്.
സൽമാനിയയിൽ താമസിക്കുന്ന 36കാരനും ഗുദൈബിയയിലുള്ള 25 വയസ്സുകാരിയുമാണ് പ്രതികൾ. ശിക്ഷക്കുശേഷം ഇവരെ നാടുകടത്തും. ഇന്ത്യക്കാരിയായ യുവതിയാണ് ചൂഷണത്തിനിരയായത്. എയർപോർട്ടിലെത്തിച്ചശേഷം യുവതിയെ റസ്റ്റാറന്റിൽ പരിചാരകജോലിക്ക് നിയോഗിക്കുയായിരുന്നു. 12 മണിക്കൂർ ജോലി നിർദേശിക്കുകയും ഉപഭോക്താക്കളെ സന്തോഷിപ്പിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്തു.
വിനോദസഞ്ചാര വിസയിലെത്തിയ യുവതിയെ പ്രതി എയർപോർട്ടിൽനിന്ന് റസ്റ്റാറന്റിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് യുവതിയുടെ പാസ്പോർട്ട് വാങ്ങിവെച്ചു. വെയ്ട്രസ് ജോലിക്ക് പകരം ഉപഭോക്താക്കളെ സന്തോഷിപ്പിക്കണമെന്നായിരുന്നു നിർദേശം. വിസമ്മതിച്ചപ്പോൾ സൂപ്പർവൈസറായ യുവതി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വേതനത്തിനു പകരം കസ്റ്റമേഴ്സ് നൽകുന്ന ടിപ്പുകൊണ്ട് ജീവിക്കാനായിരുന്നു നിർദേശം.
ഫോണും പ്രതികൾ തട്ടിയെടുത്തു. താമസസ്ഥലത്തുനിന്ന് രക്ഷപ്പെട്ട യുവതി പരാതി നൽകുകയായിരുന്നു. ഹോട്ടലിൽ പരിചാരികയായി ജോലി ചെയ്യുമെന്ന് പ്രതീക്ഷിച്ചാണ് എത്തിയതെന്ന് യുവതി പറഞ്ഞു. അന്വേഷണത്തിൽ പ്രതികൾ മുമ്പും ഇങ്ങനെ യുവതികളെ എത്തിച്ച് ചൂഷണം ചെയ്തിട്ടുള്ളതായി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.