മനാമ: പ്രത്യേക അസംബ്ലികളും വൃക്ഷത്തൈ നടീൽ യജ്ഞവും ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ് ദേശീയ വൃക്ഷ വാരാഘോഷം സംഘടിപ്പിച്ചു. വൃക്ഷത്തൈ നടൽ, ഹരിത ഇടങ്ങളുടെ വിപുലീകരണം തുടങ്ങിയ പരിസ്ഥിതി സൗഹൃദ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയായിരുന്നു ആഘോഷം.
2035ഓടെ 3.6 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുന്ന ബഹ്റൈന്റെ ദേശീയ വനവത്കരണ പദ്ധതിയുമായി ബദ്ധപ്പെട്ടാണ് വൃക്ഷ വാരം നടത്തുന്നത്. 2060-ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമായി കുറക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ സ്കൂൾ പിന്തുണക്കുന്നു. ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, പ്രധാനാധ്യാപിക, കോ-ഓഡിനേറ്റർമാർ, ജീവനക്കാർ, പ്രിഫെക്റ്റ് കൗൺസിൽ അംഗങ്ങൾ, വിദ്യാർഥികൾ എന്നിവർ കാമ്പസിന്റെ വിവിധയിടങ്ങളിൽ വൃക്ഷത്തൈ നടീൽ യജ്ഞത്തിൽ ഏർപ്പെട്ടു.
ഹരിത സംസ്കാരം ഉൾക്കൊള്ളുന്നതിനായി വിദ്യാർഥികൾക്കായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വൃക്ഷത്തൈ നടീലിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വിജ്ഞാനപ്രദമായ വിഡിയോ പ്രദർശിപ്പിച്ചു. ജൂനിയർ വിങ് നാച്വർ ക്ലബ് സ്കൂളിലേക്ക് നിരവധി ചെടികൾ ഉദാരമായി സംഭാവന നൽകി. കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കാനും വിദ്യാർഥികളും ജീവനക്കാരും പ്രതിജ്ഞയെടുത്തു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള പോസ്റ്ററുകളും പ്രസംഗങ്ങളും സംഗീത വിരുന്നും അവർ അവതരിപ്പിച്ചു.
ഹെഡ് ബോയ് ജെഫ് ജോർജ്, ഹെഡ് ഗേൾ നൂറ റഹ്മത്തലി, ഇക്കോ അംബാസഡർ സാൻവിക രാജേഷ് എന്നിവർ ദേശീയ ഹരിത സംരംഭങ്ങളുടെ വിശേഷങ്ങൾ എടുത്തുപറഞ്ഞു. പമേല സേവ്യർ സമ്മേളനത്തെ അഭിസംബോധന ചെയ്തു. വൃക്ഷത്തൈ നടീലിന്റെ പ്രാധാന്യം അടിവരയിടുകയും ദൈനംദിന ജീവിതത്തിൽ സുസ്ഥിരമായ സമ്പ്രദായങ്ങൾ പിന്തുടരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ദേശീയ വൃക്ഷ വാരാഘോഷത്തിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.