മനാമ: ബഹ്റൈനില്‍ സെമികണ്ടക്ടര്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ചെന്നൈ ആസ്ഥാനമായ പോളിമാടെക് ഇലക്ട്രോണിക്സ് കമ്പനി മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എന്‍. ഈശ്വരറാവു. ഗേറ്റ് വേ ഗള്‍ഫ് 2024 ഫോറത്തിലാണ് ഈശ്വരറാവുവിന്റെ പ്രഖ്യാപനം.
സുസ്ഥിര വികസന മന്ത്രിയും ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ബഹ്റൈൻ ഇ.ഡി.ബി) ചീഫ് എക്സിക്യൂട്ടിവുമായ നൂർ ബിൻത് അലി അൽ ഖുലൈഫിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഇന്ത്യൻ സന്ദർശന വേളയിൽ ഇക്കാര്യങ്ങളിൽ ധാരണയായിരുന്നു.
കമ്പനിയുടെ ബഹ്റൈൻ പ്രോജക്ടിന്റെ ആദ്യഘട്ടത്തിലാണ് 100 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നത്. ആദ്യഘട്ടത്തിന് രണ്ട് ഫേസുകളുണ്ട്. ആദ്യ ഫേസിൽ പാട്ടത്തിനെടുത്ത സ്ഥലങ്ങളില്‍ 16.5 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും. അവിടെ പ്രവൃത്തികള്‍ 2025 ജനുവരി രണ്ടാം വാരം ആരംഭിക്കും. രണ്ടാം ഫേസില്‍ 83.5 ദശലക്ഷം നിക്ഷേപം നടത്തും. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലായിരിക്കും ഫേസ്2.
ഹിദ്ദ് ഇൻഡസ്ട്രിയൽ ഏരിയയിലായിരിക്കും പോളിമാടെക് സെമികണ്ടക്ടർ നിർമാണമാരംഭിക്കുക. രാജ്യത്ത് സെമികണ്ടക്ടർ നിർമാണ ഫാക്ടറി സ്ഥാപിക്കാനുള്ള പോളിമാടെക്കിന്റെ തീരുമാനം ഡിജിറ്റൽ പരിവർത്തന യാത്രയിലെ നാഴികക്കല്ലാകുമെന്ന് ഇ.ഡി.ബി ചീഫ് എക്സിക്യൂട്ടിവ് നൂർ ബിൻത് അലി അൽ ഖുലൈഫ് പറഞ്ഞു. ‘അത്രി’ എന്ന ബ്രാൻഡ് നെയിമിലാകും പോളിമാടെക് ഉൽപന്നങ്ങൾ പുറത്തിറങ്ങുക.
5G, 6G നെറ്റ്വർക്കുകൾക്കായുള്ള പ്രധാനഘടകങ്ങളായിരിക്കും നിർമിക്കുക. സ്മാർട്ട്ഫോണുകൾ മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെയുള്ള ആധുനിക ഉപകരണങ്ങൾക്ക് ആവശ്യമായ ഘടകമാണിത്. ബഹ്റൈന്റെ സാമ്പത്തിക വൈവിധ്യവത്കരണ നയവുമായി യോജിച്ചുകൊണ്ട് മേഖലയിലെ സാങ്കേതിക രംഗത്ത് ഒരു സുപ്രധാന വികസനം ഈ നിക്ഷേപം മൂലമുണ്ടാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.