മനാമ: ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിനോടനുബന്ധിച്ച് പ്രഖ്യാപിച്ചിരുന്ന റാഫിൾ നറുക്കെടുപ്പ് മാറ്റി വെക്കാനിടയാക്കിയ സാഹചര്യം സ്കൂൾ അധികൃതർ പൊതുജനങ്ങളോട് വെളിപ്പെടുത്തണമെന്ന് യുനൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നറുക്കെടുപ്പ് മാറ്റിവെക്കുന്ന കാര്യം പ്രഖ്യാപിക്കാൻ രാത്രി വൈകുംവരെ കാത്തിരുന്നത് എന്തുകൊണ്ടെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കണം.
നറുക്കെടുപ്പ് നടക്കുമെന്ന് കരുതി അർധരാത്രി വരെ കാത്തുനിന്ന രക്ഷിതാക്കൾ നിരാശരായാണ് മടങ്ങിയത്. ബഹ്റൈൻ പൊതുസമൂഹത്തെ മുഴുവൻ വിഡ്ഢികളാക്കിയതിന് സ്കൂൾ അധികൃതർ മാപ്പുപറയണം. നറുക്കെടുപ്പിനുള്ള റാഫിള്‍ ടിക്കറ്റുകളില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി നമ്പർ ഇല്ലെന്നും ഇത് ക്രമക്കേടിന് വഴിയൊരുക്കുമെന്നും യു.പി.പി നേരത്തേ വ്യക്തമാക്കിയതാണ്.
ഇതുസംബന്ധിച്ച് മന്ത്രാലയങ്ങള്‍ക്ക് പരാതി നല്‍കുകയും പത്രമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, യു.പി.പിയുടെ വാദം ശരിയല്ലെന്ന തരത്തിലുള്ള മറുപടികള്‍ പറഞ്ഞൊഴിഞ്ഞ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഭരണസമിതി ചെയ്തത്.
ടിക്കറ്റിൽ നമ്പറില്ലാത്തകാര്യം സൂചിപ്പിച്ച് യു.പി.പി പ്രിൻസിപ്പലിന് ഇ-മെയിൽ അയച്ചിരുന്നു. എന്നാൽ, അതിന് മറുപടി ലഭിച്ചില്ല. ടിക്കറ്റ് തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിനും തയാറായില്ല. ഭരണസമിതിയുടെ നിരുത്തരവാദപരമായ നിലപാടിനെതിരെയാണ് യു.പി.പി നിലകൊള്ളുന്നത്. റാഫിള്‍ ബോക്സില്‍ സൂക്ഷിക്കേണ്ട കൂപ്പണുകള്‍ മെഗാഫെയറിന്റെ അവസാന ദിവസം അർധരാത്രിയിൽ പുറത്തെടുത്ത് അധ്യാപകരെയും മറ്റു ജീവനക്കാരെയും കൊണ്ട് മന്ത്രാലയത്തിന്റെ അംഗീകാരവും നമ്പറുമടങ്ങുന്ന സീൽ പതിക്കുകയാണ് ചെയ്തതെന്ന് ഭാരവാഹികൾ ആരോപിച്ചു.
ഇതിന്റെ ചിത്രങ്ങള്‍ പുറത്തായതോടെ ഭരണസമിതിയുടെ തെറ്റായ നടപടികൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. മുന്‍കാലങ്ങളില്‍ മെഗാ ഫെയറുകള്‍ നടക്കുമ്പോൾ റാഫിള്‍ കൂപ്പണുകള്‍ നിക്ഷേപിക്കാനുള്ള ബോക്സുകള്‍ പ്രവേശനകവാടത്തിനടുത്തും പ്രധാന വേദിക്ക് തൊട്ടു മുന്നിലും സ്ഥാപിക്കാറുണ്ടായിരുന്നു. ഇത്തവണ ഇത് സ്ഥാപിക്കാതിരുന്നത് സംശയാസ്പദമാണ്. വിൽപന നടത്തിയ ടിക്കറ്റുകൾ എല്ലാം റാഫിളിൽ ഉൾപ്പെടുത്തുമെന്ന് എന്താണ് ഉറപ്പെന്നും ഭാരവാഹികൾ ചോദിച്ചു.
ഇനിയും രക്ഷിതാക്കളെയും പൊതു സമൂഹത്തേയും വിഡ്ഢികളാക്കാതെ എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഭരണസമിതി തയാറാകണമെന്നും യു.പി.പി ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തില്‍ യു.പി.പി ചെയര്മാന് എബ്രഹാം ജോണ്‍, കണ്‍വീനര്‍ യു.കെ അനില്‍, മറ്റു ഭാരവാഹികളായ ബിജു ജോർജ്, ജ്യോതിഷ് പണിക്കര്‍, ജോണ്‍ ബോസ്കോ, അബ്ബാസ് സേഠ്, ജോൺ തരകന്, അന്‍വര്‍ ശൂരനാട് എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യൻ സ്കൂൾ മെഗ ഫെയറിനോടനുബന്ധിച്ച് നടത്താനിരുന്ന റാഫിൾ നറുക്കെടുപ്പ് ഞായറാഴ്ചയിലേക്ക് മാറ്റിയത് വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണെന്ന് സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
റാഫിൾ സംബന്ധിച്ച് ഒരു വിഭാഗം നിരന്തരം പരാതികൾ അയച്ചതാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്. കൂപ്പണുകൾ എല്ലാം രാത്രിയോടെതന്നെ ബോക്സുകളിലാക്കി സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. ബോക്സുകൾ സൂക്ഷിക്കുന്ന മുറിയും സീൽ ചെയ്തിട്ടുണ്ട്. വിൽപന നടത്തിയ ഓരോ ടിക്കറ്റും സൂക്ഷ്മപരിശോധന നടത്തി, മന്ത്രാലയത്തിന്റെ നിർദേശപ്രകാരം അനുമതി നമ്പർ സീൽ ചെയ്താണ് ബോക്സിൽ നിക്ഷേപിച്ചത്. നേരത്തേ ബോക്സിൽ നിക്ഷേപിച്ച കൂപ്പണുകൾ പുറത്തെടുത്ത് വീണ്ടും സീൽ പതിച്ചെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണ്.
എല്ലാ നടപടികളും വിഡിയോ റെക്കോഡിങ് നടത്തിയിട്ടുണ്ടെന്നും അങ്ങേയറ്റം സുതാര്യമായാണ് ഓരോ കാര്യവും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ഭരണസമിതി തെരഞ്ഞെടുപ്പ് അടുത്തെന്നു കരുതി എന്തും ചെയ്യാൻ തുനിയരുതെന്നും അദ്ദേഹം പ്രതിപക്ഷത്തെ ഓർമിപ്പിച്ചു.
ഇത്രയും മികച്ച മെഗാഫെയർ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് പ്രിൻസ് നടരാജൻ പറഞ്ഞു. മെഗാഫെയറിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം ഇതിന് തെളിവാണ്. ഇന്ത്യൻ സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിനോടനുബന്ധിച്ചുള്ള റാഫിൾ നറുക്കെടുപ്പ് വ്യവസായ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ, മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഞായറാഴ്ച രാവിലെ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടക്കും. എൻട്രി ടിക്കറ്റ് ഉടമകളെ റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.