മനാമ: വിദേശങ്ങളിലേക്ക് യാത്രക്കൊരുങ്ങുമ്പോൾ ഇലക്ട്രോണിക് സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ സ്വദേശികളോടും പ്രവാസികളോടും ആഹ്വാനം ചെയ്ത് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്‍റ് അതോറിറ്റി. bahrain.bh എന്ന ബഹ്റൈന്റെ ദേശീയ പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമായ ഇ-സേവനങ്ങൾ നിരവധിയാണ്. സമയലാഭവും സാമ്പത്തിക ലാഭവും ഒരുപോലെ നൽകുന്ന ഇലക്ട്രോണിക് സേവനങ്ങൾ യാത്രവേളകളിൽ ഏറെ ഉപകാരപ്രദമാണ്. യാത്രക്കാർ തങ്ങളുടെ ഐ.ഡി കാർഡിന്റെ കാലാവധി പോർട്ടലിൽ പരിശോധിച്ച് ഉറപ്പു വരുത്തണം. കാലാവധി തീരുന്നതിന് ഒരുമാസം മുമ്പുതന്നെ ഐ.ഡി കാർഡ് ഓൺലൈനിൽ പുതുക്കാൻ സാധിക്കും.
നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സുമായി (എൻ.പി.ആർ.എ) സഹകരിച്ച് ബഹ്റൈനി പാസ്പോർട്ട് ആറുമാസം മുമ്പ് പുതുക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശങ്ങളിലേക്ക് യാത്ര പുറപ്പെടുന്നവർ bahrain.bh/apps മുഖേന 'Wejhaty എന്ന ആപ് ഡൗൺലോഡ് ചെയ്താൽ യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ വിസ നിയമങ്ങളും ഇൻഷുറൻസ് വിവരങ്ങളും ബഹ്റൈൻ എംബസി നമ്പറും ലഭിക്കുന്നതാണ്. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
കിങ് ഫഹദ് കോസ്വേ വഴി യാത്ര ചെയ്യുന്നവർക്കായി ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് ഇ-ട്രാഫിക് ആപ്പും സജ്ജീകരിച്ചിട്ടുണ്ട്. വാഹന രജിസ്ട്രേഷൻ എളുപ്പത്തിൽ പുതുക്കാനും കോസ്വേ കടക്കുന്നതിനുള്ള ഓതറൈസേഷൻ നൽകാനും ഇതുവഴി സാധിക്കും. സൗദി അറേബ്യയിലേക്ക് പോകുന്ന ബഹ്റൈനി വാഹനങ്ങൾക്ക് സർട്ടിഫിക്കറ്റുകളും ഇൻഷുറൻസ് പോളിസികളും ഇതിലൂടെ ലഭിക്കും.
വിദേശത്ത് കാർ വാടകക്ക് എടുക്കുന്നുവർക്ക് ഇന്‍റർനാഷനൽ ഡ്രൈവിങ് ലൈസൻസിന് നാഷനൽ പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്. നിലവിലുള്ള ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് യാത്ര പുറപ്പെടുന്നതിന് മുമ്പുതന്നെ ഇത് ലഭ്യമാക്കാവുന്നതാണ്. ചില രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ബിഅവെയർ ആപ്പിൽനിന്ന് ഈ സർട്ടിഫിക്കറ്റ് കരസ്ഥമാക്കാം. ഇലക്ട്രോണിക് സേവനങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് 80008001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.