മനാമ: ലോകരാജ്യങ്ങൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഇന്റർ പാർലമെന്ററി യൂനിയന്റെ പ്രവർത്തനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ജനറൽ മാർട്ടിൻ ചുങ്കോങ്. നിർണായകമായ പല വിഷയങ്ങളും സമ്മേളനം ചർച്ചചെയ്തെന്നും സമ്മേളന അജണ്ട വിശദീകരിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പാർലമെന്ററി വേദികളിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കൽ, രാഷ്ട്രീയത്തിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ ആദ്യ ദിനം ചർച്ച നടന്നു. 178 രാജ്യങ്ങളിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളാണ് അഞ്ചു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വനിത പാർലമെന്റ് അംഗങ്ങൾ പങ്കെടുത്ത പ്രത്യേക സെഷനും ആദ്യദിനം നടന്നു. ഭീകരവാദത്തിനെതിരെ ആഗോളതലത്തിലുള്ള ഐക്യം, പാർലമെന്റ് അംഗങ്ങളുടെ മനുഷ്യാവകാശ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിലും ചർച്ച നടന്നു.
ദാരിദ്ര്യ നിർമാർജനം, വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ, തുടങ്ങിയവ വരും ദിവസങ്ങളിൽ സമ്മേളനം ചർച്ച ചെയ്യുമെന്ന് സെക്രട്ടറി ജനറൽ പറഞ്ഞു. പലവിധത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും ലോകത്ത് നിലനിൽക്കുകയാണ്. വിഭിന്ന സംസ്കാരങ്ങളും മറ്റു വ്യത്യസ്തതകളും നിലനിൽക്കുന്നു. അവയെ അംഗീകരിച്ചുകൊണ്ട് തന്നെ പ്രശ്നങ്ങൾ യോജിച്ച മനസ്സോടെ പരിഹരിക്കാനുള്ള മാർഗങ്ങളാണ് സമ്മേളനം തേടുന്നത്. ജനാധിപത്യം നേരിടുന്ന പ്രതിസന്ധികളടക്കം വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ അനുഭവത്തിലൂടെ സമ്മേളനത്തിന് ബോധ്യമായിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനമടക്കമുള്ള വിഷയങ്ങൾക്ക് കാരണമാകുന്ന മനുഷ്യ ഇടപെടലുകൾ കുറക്കാനുള്ള വഴികളും പാർലമെന്റേറിയന്മാർ ചർച്ച ചെയ്യും. നിയമനിർമാണ സഭകളിൽ പ്രാതിനിധ്യം വഹിക്കുന്നവർ കൂട്ടായി ചർച്ച ചെയ്യുന്നത് വലിയ ഗുണം ചെയ്യുമെന്നും ഐ.പി.യു ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ആതിഥേയ രാജ്യമായ ബഹ്റൈനിലെ പാർലമെന്റിൽ വനിത പ്രാതിനിധ്യം ലോക ശരാശരിയോടൊപ്പമാണെന്നത് സന്തോഷകരമാണെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.