മനാമ: സമാധാനപരമായ സഹവർത്തിത്വത്തിനായി നിലകൊള്ളാനും അസഹിഷ്ണുതക്കെതിരെ നിലപാടെടുക്കാനും സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ യോജിച്ച നിലപാടെടുക്കാനും ഇന്റർ പാർലമെന്ററി യൂനിയൻ സമ്മേളനത്തിന്റെ ആഹ്വാനം. അസമത്വങ്ങൾക്കെതിരെ നിലപാടെടുക്കാനും ഓരോ പൗരന്റെയും തുല്യതയും സ്വാഭിമാനവും ഉയർത്തിപ്പിടിക്കാനും സമ്മേളനം അംഗീകരിച്ച മനാമ പ്രഖ്യാപനത്തിൽ പറഞ്ഞു. ലാഭാധിഷ്ഠിതമായ സാമ്പത്തിക, സാമൂഹിക നയങ്ങൾക്കപ്പുറം മനുഷ്യനെ പ്രഥമ സ്ഥാനത്തു കാണാനും ശക്തന്മാരേക്കാൾ ദുർബലരെ പരിഗണിക്കാനും ലോകരാജ്യങ്ങൾ തയാറാകണം.
എല്ലാവർക്കും സുസ്ഥിരമായ വികസനം എന്ന ആശയം ഉയർത്തിപ്പിടിച്ചുള്ളതാകണം രാജ്യങ്ങളുടെ നയങ്ങൾ. വൈവിധ്യങ്ങളെ അംഗീകരിക്കാനും സഹിഷ്ണുതയോടെ പെരുമാറാനും ഏവർക്കും കഴിയണം. ഓരോ മനുഷ്യജീവിയും അവർ സമൂഹത്തിന് നൽകുന്ന സേവനങ്ങളുടെ അടിസ്ഥാനത്തിൽ അംഗീകരിക്കപ്പെടുന്ന ഒരു ലോകക്രമം സാധ്യമാകുമെന്ന ശുഭാപ്തിവിശ്വാസവും സമ്മേളനം പ്രകടിപ്പിച്ചു. മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലുള്ള വിദ്വേഷം പ്രചരിപ്പിക്കുന്ന നീക്കങ്ങളിൽനിന്ന് അകന്നുനിൽക്കാൻ പാർലമെന്റേറിയന്മാരോട് ആഹ്വാനംചെയ്തു.
ലോകമെമ്പാടും സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നതിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. കോവിഡ് സമയത്ത് വ്യാപകമായ തോതിൽ സാങ്കേതികവിദ്യയും ഡിജിറ്റലൈസേഷനും ഉപയോഗിക്കാൻ തുടങ്ങിയതോടെ സൈബർ കുറ്റകൃത്യങ്ങളും പെരുകി. കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ കച്ചവടച്ചരക്കാക്കുന്നതും ലൈംഗിക കുറ്റകൃത്യങ്ങൾ പെരുകുന്നതും ആശങ്കയുയർത്തുന്നതാണ്.
ഇത്തരം കുറ്റകൃത്യങ്ങളെ ചെറുക്കാൻ ആഗോളതലത്തിലുള്ള കൂട്ടായ ശ്രമങ്ങൾ വേണം. ഇതിന് പാർലമെന്റേറിയന്മാർക്ക് നിർണായക പങ്ക് വഹിക്കാനുണ്ട്. ജനാധിപത്യത്തെയും തെരഞ്ഞെടുപ്പുകളെയുംപോലും അട്ടിമറിക്കാൻ സൈബർ ഇടപെടലുകളിലൂടെ കഴിയുന്നു എന്നത് ഗുരുതരമാണ്. സമൂഹത്തിലെ ദുർബലരായ സ്ത്രീകളും കുട്ടികളുമാണ് ഇന്റർനെറ്റിന്റെ ദൂഷ്യവശങ്ങൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും ഏറ്റവുമധികം ഇരകളാകുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടി. 320 ലധികം ഭേദഗതികളോടെയാണ് പ്രമേയം പാസാക്കിയത്. 151 പേർ ചർച്ചയിൽ പങ്കെടുത്തു. നിരവധി കമ്മിറ്റികളിലേക്ക് പുതിയ അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.